fruits

കൊച്ചി: വേനൽ തുടങ്ങുമ്പോഴേ ഉരുകിയൊലിക്കാൻ തുടങ്ങി നാം. വരാനിരിക്കുന്നത് അതിരൂക്ഷമായ വേനൽക്കാലമെന്ന മുന്നറിയിപ്പെത്തി കഴിഞ്ഞു. ചൂടിനെ പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട്. കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും അതിന് നമ്മെ സഹായിക്കും. ഒപ്പം പ്രകൃതിയും. വേനലിൽ വിളയുന്ന മാങ്ങയും പപ്പായയുമെല്ലാം ചൂടിൽ നിന്ന് രക്ഷ നേടാൻ നമുക്ക് ആവശ്യമായ ആന്റി ഓക്സിഡന്റ്സും മിനറൽസും നൽകും. അറിഞ്ഞ് കഴിച്ചാൽ ഏത് ചൂടിനെയും കൂൾ കൂളാക്കാം.

ചൂടുകാലത്ത് മലമൂത്ര വിസർജ്ജന രൂപത്തിലും വിയർപ്പിലൂടെയും ശരീരത്തിൽ നിന്ന് ധാരാളം ജലം നഷ്ടമാകും. അതിലൂടെ ശരീരം നിർജ്ജലീകരിക്കപ്പെടും. അത് സംതുലിതപ്പെടുത്തുന്ന വിധത്തിൽ വെള്ളം കുടിക്കണം.കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിന്റെ അളവ് കൂട്ടണം.

വെയിലത്ത് ജോലി ചെയ്യുന്നവരുടെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ അരമണിക്കൂർ ഇടവേളകളിൽ വെള്ളം കുടിക്കണം. ഓഫീസിനകത്ത് എ.സിയിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ദാഹിക്കണമെന്നില്ല. നമുക്ക് കാണാനാവാത്ത രീതിയിൽ ജലാംശം നഷ്ടപ്പെടുകയും ശരീരം ഡ്രൈ ആവുകയും ചെയ്യുന്നതിനാൽ ഇവരും ദിവസം മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.

പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ എണ്ണ കൂടുതൽ ചേർക്കാതിരിക്കുക. ദഹനേന്ദ്രിയം കൂടുതലായി ജോലി ചെയ്യേണ്ടി വരികയും ശരീരത്തിൽ കൂടുതൽ ചൂട് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. പുറത്തും അകത്തും ചൂടാകുമ്പോൾ ബുദ്ധിമുട്ട് കൂടും. പച്ചക്കറികൾ ആവിയിൽ വേവിച്ചെടുത്ത് എണ്ണ മുകളിൽ തൂവിക്കൊടുക്കുന്ന രീതിയാണ് നല്ലത്. കറി രൂപത്തിൽ പാചകം ചെയ്യുന്നതാണ് കൂടുതൽ നല്ലത്. മസാലകളും മാംസാഹാരവും ശരീരത്തിൽ ചൂട് ഉണ്ടാക്കാനിടയുള്ളതിനാൽ അമിതോപയോഗം നിയന്ത്രിക്കണം. വേനൽക്കാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കാണാറുണ്ട്. ഇത്തരം ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

കുമ്പളങ്ങ, മത്തങ്ങ, തക്കാളി പോലെ വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികളും ആന്റി ഓക്സിഡന്റ് കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള പഴങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. അത് ബാലൻസ് ചെയ്യാനും വിറ്റാമിനും മിനറൽസും ശരീരത്തിന് നൽകാനും പഴവർഗങ്ങൾ സഹായിക്കും.

സോഡ പോലുള്ള പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. അത്തരം പാനീയങ്ങൾ മൂത്രത്തിന്റെ അളവ് കൂട്ടും.അങ്ങനെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് കൂടും. ഫ്രൂട്ട്ജ്യൂസിലും പഞ്ചസാര ചേർക്കാതിരിക്കുക.

തണുത്ത പാനീയങ്ങൾ ഒഴിവാക്കുക. പെട്ടെന്ന് ശരീരത്തിലേക്ക് തണുപ്പ് ചെല്ലുമ്പോൾ ശരീരത്തിലെ ചൂട്-തണുപ്പ് ബാലൻസ് നഷ്ടപ്പെടാനിടയുണ്ട്. അത് കൂടുതൽ ബുദ്ധിമുട്ടിലേക്ക് ശരീരത്തെ നയിക്കും.

കരിക്ക് വെള്ളം, മധുരം ചേർക്കാത്ത ഫ്രൂട്ട് ജ്യൂസ്, നാരങ്ങവെള്ളം എന്നിങ്ങനെ പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കുക. മിന്റ് പോലുള്ളവ ശരീരത്തിന് തണുപ്പേകും. ആന്റി ഓക്സിഡന്റിന്റെ അളവുമുണ്ട്. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കാമെങ്കിലും അധികമാകാതിരിക്കുക.

തൈര് ശരീരത്തെ തണുപ്പിക്കും. തൈരിൽ ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. തൈര്, യോഗർട്ട്, മോര് ഇവയിൽ ഏതാണെങ്കിലും നല്ലതാണ്.

ചൂടത്ത് ഇൻഫെക്ഷനുള്ള സാദ്ധ്യത കൂടുതലായതിനാൽ കുടിക്കാനെടുക്കുന്ന വെള്ളം തിളപ്പിച്ചാറ്റിയതാണെന്ന് ഉറപ്പ് വരുത്തുക.

സാൻഡ്‌വിച്ച്, ഹോട്ട്ഡോഗ്, ബർഗർ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് നേരത്തെ തന്നെ പകുതി വേവിച്ച് വച്ചതായിരിക്കും. ചൂടായതിനാൽ ഇവ പെട്ടെന്ന് ചീത്തയാവാനിടയുണ്ട്. ഇത് കഴിച്ചാൽ ശരീരത്തിനകത്ത് ഉണ്ടാകുന്ന ചൂടും കൂടും.

 അളവിലും സമയത്തിലും മാറ്റം

ഒരുപാട് ഹെവി മീൽസ് കഴിക്കുന്നത് ദഹനപ്രക്രിയ കൂട്ടുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും ചെയ്യും. ചെറിയ അളവിൽ മൂന്ന് മണിക്കൂർ ഇടവേളയിൽ ഭക്ഷണം കഴിക്കുക. പ്രാതലിൽ പഴവർഗങ്ങൾ, ഇടനേരത്ത് മോരുവെള്ളമോ, കരിക്കോ, ഉച്ചഭക്ഷണത്തിനൊപ്പം ഫ്രഷ്സാലഡ്, വൈകിട്ട് യോഗർട്ട് എന്നിങ്ങനെ ഓരോ തവണ ഭക്ഷണം കഴിക്കുമ്പോൾ കൂടെ ശരീരം തണുപ്പിക്കാനുള്ള എന്തെങ്കിലും ഉൾപ്പെടുത്തണം. കുക്കുമ്പർ, കാരറ്റ്, തക്കാളി, തൈര് എന്നിവ ചേർത്ത് സാല‌ഡ് തയ്യാറാക്കാം. ചൂട് കൂട്ടുന്നതിനാൽ സവാള സാലഡിൽ ഉപയോഗിക്കാതിരിക്കുക. അത്താഴം മിതമായിരിക്കണം.

കടപ്പാട്:

രഹ്ന രാജൻ

സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്

ആസ്റ്റർ മെഡ്സിറ്റി

കൊച്ചി