കൊച്ചി : മലയാറ്റൂർ കുരിശുമുടിയിലെ ഫാ. സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ. പ്രതി മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയുടെ (62) ഭാര്യ മാത്രമാണ് ഇതുവരെ കൂറു മാറിയത്. 22 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. കേസിൽ 51 സാക്ഷികളുടെ പട്ടികയാണ് അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നത്. വിചാരണയുടെ ഭാഗമായി രണ്ട് ദൃക്‌സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. കുത്തേറ്റുവീണ ഫാ. സേവ്യറിനെ ആശുപത്രിയിലെത്തിക്കാൻ ഒാടിക്കൂടിയവരെ പ്രതി കത്തി വീശി ഭീഷണിപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. അച്ചൻ അവിടെക്കിടന്നു മരിക്കട്ടെയെന്ന് പറഞ്ഞാണ് പ്രതി ജോണി തങ്ങളെ തടഞ്ഞതെന്ന് ഇരുവരും കോടതിയിൽ പറഞ്ഞു. 2018 മാർച്ച് ഒന്നിന് മലയാറ്റൂർ കാനനപാതയിലാണ് ഫാ. സേവ്യറിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇടതു തുടയിൽ കുത്തേറ്റു വീണ ഫാ. സേവ്യർ രക്തം വാർന്നാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് ജോണിയെ കപ്യാരുടെ ജോലിയിൽ നിന്ന് മാറ്റി നിറുത്തിയിരുന്നു. ഏപ്രിലിൽ തിരുന്നാളിന് മുമ്പ് തന്നെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം ഫാ. സേവ്യറിനെ ശല്യം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം തയ്യാറായില്ല. ഇക്കാരണത്താലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.