കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതിനെ ചൊല്ലി പാർട്ടി ലീഡർ അനൂപ് ജേക്കബും ചെയർമാൻ ജോണി നെല്ലൂരും തമ്മിലുള്ള തർക്കം ജില്ലാ കമ്മിറ്റിയെ പിളർത്തി. ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോസഫും സെക്രട്ടറി ടോമി പാലമലയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗം വിളിച്ച് ലയനത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇന്നലെ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ എറണാകുളത്ത് ജില്ലാ കമ്മിറ്റി നടന്നു. വിൻസെന്റിന് പകരം പ്രസിഡന്റിന്റെ താത്കാലിക ചുമതല സംസ്ഥാന സെക്രട്ടറി രാജു പാണാലിയ്‌ക്കലിന് നൽകി. 22 ന് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുമെന്നും അനൂപ് ജേക്കബ് പ്രഖ്യാപിച്ചു. ഇതോടെ പാർട്ടി രണ്ടായി പിളർന്നു.
നേരത്തെ പ്രഖ്യാപിച്ച ജില്ലാ സമ്മേളനം 27,28, 29 തീയതികളിൽ മൂവാറ്റുപുഴയിൽ നടക്കുമെന്ന് വിൻസെന്റ് വ്യക്തമാക്കി. സമ്മേളനം നടത്തുന്നതിനെക്കുറിച്ച് 22 ന് തീരുമാനിക്കുമെന്ന് അനൂപ് ജേക്കബും പറഞ്ഞു.
ജോണി നെല്ലൂർ സ്‌പീക്കിംഗ്
രണ്ട് നിയോജമണ്ഡലം പ്രസിഡന്റുമാർ ഒഴികെയുള്ളവർ വിൻസെന്റ് വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി നിലവിലുള്ള പ്രസിഡന്റിനും സെക്രട്ടറിക്കും ഒപ്പമാണ്. ഭൂരിഭാഗം ജില്ലാ കമ്മിറ്റി ഭാരവാഹികളും കൂടെയുണ്ട്. ഇന്നലെ നടന്ന മറ്റൊരു യോഗത്തിൽ പിറവത്തു നിന്നുള്ള കുറെ വോട്ടർമാരാണ് പങ്കെടുത്തത്. രണ്ട് നിയോജകമണ്ഡലം പ്രസിഡന്റുമാരും അവർക്കൊപ്പമുണ്ട്. ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആരുമില്ല.
അനൂപ് ജേക്കബ് സ്‌പീക്കിംഗ്
ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ അഞ്ചു നിയോജകമണ്ഡലം പ്രസിഡന്റുമാരും 11 ജില്ലാ ഭാരവാഹികളും പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിക്ക് ജില്ലാ പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി. ജോണി നെല്ലൂർ മാറി നിൽക്കുന്നതായി കരുതുന്നില്ല.
അനൂപ് പാർട്ടി യോഗത്തിൽ പറഞ്ഞത്
ആരെയും കയറൂരി വിട്ടിട്ടില്ല. അങ്ങനെ പ്രവർത്തകർ കരുതരുത്. എല്ലാവരെയും വിശ്വസിച്ചു. ഇനി കൂടുതൽ പാർട്ടിയിൽ ശ്രദ്ധിക്കും. എല്ലാവരും ഒപ്പമുണ്ടാകണം. ഒരുമിച്ച് മുന്നോട്ടു പോകാം.