കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം - പേട്ട ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം വിജയം. തൈക്കുടത്ത് നിന്ന് രാവിലെ 7.40ന് തുടങ്ങി എട്ടിന് പേട്ടയിൽ എത്തി. മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗം. അര മണിക്കൂറോളം നിർത്തിയിട്ട ശേഷം 8.20ന് തിരികെ തൈക്കൂടത്തേക്ക്. ഒമ്പതിന് എത്തി. രാത്രിയും ട്രയൽ റൺ നടത്തി. മെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗം കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയാണ് പരീക്ഷണം.
തൈക്കുടം പേട്ട റൂട്ടിലെ തൊണ്ണൂറു ശതമാനം സിവിൽ ജോലികളും പൂർത്തിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ ട്രെയിനിന്റെ വേഗത കൂട്ടി ഓടിക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.
മാർച്ച് 31ന് മുമ്പായി പേട്ട സർവീസ് തുടങ്ങലാണ് ലക്ഷ്യം. സെപ്തംബർ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് തുടങ്ങിയത്.
പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്.