krithi15
ഓഗ്മെൻഡ് റിയാലിറ്റി

കൊച്ചി: പുസ്തകങ്ങളെയൊന്നും തിരിഞ്ഞു നോക്കാതെ എപ്പോഴും മൊബൈൽ ഫോണിൽ മാത്രം നോക്കിയിരിക്കുന്ന കുട്ടികളാണ് പുതിയ തലമുറയിലേതെന്ന പരാതി പരിഹരിക്കാൻ കൃതി പുസ്തകമേള. പുസ്തകത്തിനോടൊപ്പം മൊബൈൽ ഫോണും ചേർത്താലുള്ള ത്രിമാന അനുഭവമാണ് കൃതി മൂന്നാംപതിപ്പിലെ രണ്ട് സ്റ്റാളുകളിൽ കാത്തിരിക്കുന്നത്. ഇത്തവണത്തെ കൃതിയിൽ ചെറുപ്പക്കാരെയും കുട്ടികളെയും ഏറെ ആകർഷിച്ചതും ഈ സ്റ്റാളുകൾ തന്നെ. സ്റ്റാൾ സി13ലുള്ള ഭാരത് പബ്ലിക്കേഷൻസിൽ സൗരയൂഥം, ശരീരത്തിലെ ആന്തരികാവയവങ്ങൾ തുടങ്ങിയ പുസ്തകങ്ങളാണ് ഓഗ്മെൻഡ് റിയാലിറ്റിയിലൂടെ (എ.ആർ) പുതിയ അനുഭവം സമ്മാനിക്കുന്നത്. പുസ്തകം വാങ്ങി അതിൽ പറഞ്ഞിരിക്കുന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് അതുപയോഗിച്ച് പുസ്തകം സ്‌കാൻ ചെയ്യുമ്പോൾ അവിശ്വസനീയമായ ത്രിമാന അനുഭവം കാഴ്ചക്കാർക്ക് ലഭിക്കും. സ്റ്റാൾ 38ലെ ഇൻകെമോയിലുള്ളത് കുട്ടികൾക്ക് ചിത്രം വരയ്ക്കാനുള്ള വിവിധ തീമുകളിലുള്ള 7 അടി നീളമുള്ള സവിശേഷ പേപ്പറാണ്. കുട്ടികൾക്ക് സൗകര്യമായി നിലത്തു വിരിച്ച് രസിച്ചു വരയ്ക്കാവുന്നത്ര നീളം. ക്രയോൺസ്, പെൻസിൽ, സ്‌കെച്ച് പെൻ തുടങ്ങി ഏത് ആർട് മെറ്റീരിയൽ ഉപയോഗിച്ചാലും വീണ്ടും മായ്ച്ച് ഉപയോഗിക്കാവുന്ന പേപ്പർ. ഇതിൽ പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിലൂടെ ചിത്രത്തിൽ നോക്കുമ്പോൾ കുട്ടികൾക്ക് ഏത് നിറം കൊടുക്കണം തുടങ്ങിയ നിർദേശങ്ങളും എ.ആറിലൂടെ ലഭിക്കും.