പുത്തൻകുരിശ്: പരി. യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിൽപ്പെട്ട ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ റമ്പാനെയും വൈദീകരെയും ഇടവകക്കാരായ വിശ്വാസികളെയും അവർ ആരാധന നടത്തികൊണ്ടിരിക്കുന്ന പള്ളിയിൽ നിന്നും ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും ദൈവാലയത്തിന്റെ വാതിലിന്റെ പൂട്ട് വാളുകൊണ്ട് അറത്തു നശിപ്പിച്ചും മെത്രാൻ കക്ഷി വിഭാഗത്തിന് പള്ളി പിടിച്ച് കൊടുത്ത അധികാരികളുടെയും പൊലീസിന്റെയും നടപടി മനുഷ്യത്വരഹിതവും നീതിനിഷേധവുമാണെന്ന് യാക്കോബായ സഭാ മീഡിയാ സെൽ ചെയർമാൻ ഡോ.കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ വിശ്വാസികളെ പുറത്താക്കിയും പള്ളിയുടെ വാതിൽ തകർത്തും നാശം വരുത്തിയും തിരക്ക് കൂട്ടി പള്ളി പിടിച്ച് ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകുന്നതിൽ ദുരൂഹതയുണ്ട്. സഭയ്‌ക്കെതിരെയുള്ള നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം വരും നാളുകളിൽ സഭയുടെ നേതൃത്വത്തിൽ നടക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.