കൊച്ചി: കൊറോണ വൈറസ് രോഗ പശ്ചാത്തലത്തിൽ കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 2 പേരോടു കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആരോഗ്യവിഭാഗം നിർദ്ദേശിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ച 6 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. 325 പേരാണ് നിലവിൽ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ എൻ.ഐ.വി യ്ക്ക് ഇന്ന് 2 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ഇതിൽ ഒന്ന് പുന:പരിശോധനക്കായി അയച്ചതാണ്. നിലവിൽ രണ്ട്‌പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്. നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് അവരുടെ നിരീക്ഷണ കാലാവധി അവസാനിക്കുമ്പോൾ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിത്തുടങ്ങി. ഇതിനായി നിരീക്ഷണ കാലാവധി കഴിഞ്ഞവർ അതാത് പ്രദേശത്തെ സർക്കാർ ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തായ്‌ലൻഡ് നിന്നും സഞ്ചാരികൾ എത്തിയിട്ടുണ്ട് എന്നറിയിച്ച് ഹോട്ടലിൽ നിന്നും ബോധവൽക്കരണ ക്ലാസ് വേണമെന്ന് അറിയിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും കൊറോണ കൺട്രോൾ റൂമിലേക്ക് വിളികളെത്തി. 11 കാളുകളാണ് ഇന്നലെ കൺട്രോൾ റൂമിലേക്കെത്തിയത്. വടുതലയിൽ കുടുംബശ്രീ പ്രവർത്തകർക്കും ഇടപ്പള്ളിയിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും വെണ്ണലയിൽ ഫാർമസി വിദ്യാർത്ഥികൾക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.