മൂവാറ്റുപുഴ: പശുക്കളിൽ ചർമ മുഴ രോഗമുണ്ടാക്കുന്ന കാപ്രിപോക്‌സ് വൈറസിനെ പ്രതിരോധിക്കുന്നതിന് കാലികളിൽ കുത്തിവയ്ക്കുന്നതിനുള്ള 10,000 ഡോസ് മരുന്നെത്തി. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. വാളകം കുന്നയ്ക്കാലിലെ 9 കർഷകരുടെ പശുക്കൾക്കാണ് ഇപ്പോൾ പ്രതിരോധ മരുന്നുകൾ നല്കിയിരിക്കുന്നത്. പ്രതിരോധ വാക്‌സിനേഷൻ നൽകൽ തുടരുമെന്ന് മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു.
കാപ്രി പോക്‌സ് വൈറസ് ബാധ ലക്ഷണങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിലെ അടിയന്തര നടപടികൾക്കായി മൃഗസംരക്ഷണ വകുപ്പിൽനിന്ന് 5,000 രൂപ അനുവദിച്ചു.
170 പശുക്കളിൽ രോഗം സ്ഥിരീകരിച്ചു
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിനൊപ്പമാണ് അസുഖം പടരുന്നതിന്റെയും സൂചനകൾ ലഭിച്ചിരിക്കുന്നത്. കീഴ്മാട്, ശ്രീമൂലനഗരം, വളയൻചിറങ്ങര, നെല്ലാട്, വെസ്റ്റ് വെങ്ങോല, കുന്നുകര, എടയ്ക്കാട്ടുവയൽ, കുഴുപ്പിള്ളി, പെരിങ്ങല, ഏലൂർ, വെസ്റ്റ് കടുങ്ങല്ലൂർ, പറവൂർ, നോർത്ത് പറവൂർ, മണീട്, ചെല്ലാനം, വെണ്ണിക്കുളം, ഇടക്കുന്ന്, മാറാടി, ഊന്നുകൽ, ആലങ്ങാട്, ചൂർണിക്കര, വാളകം, വാരപ്പെട്ടി, ചെറുവട്ടൂർ, പിണ്ടിമന, അരയൻകാവ്, കോലഞ്ചേരി, അയ്യംപുഴ, കരുമാലൂർ, കോട്ടുവള്ളി, മഴുവന്നൂർ, ഇടപ്പള്ളി, അങ്കമാലി എന്നീ പ്രദേശങ്ങളിലെ 170 പശുക്കളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ലൈബി പോളിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ പി.ഇന്ദിരയ്ക്കാണ് ഏകോപന ചുമതല. മനുഷ്യരിൽ പടർന്നുപിടിക്കുന്ന ചിക്കൻ പോക്‌സിന് സമാനമാണ് പശുക്കളിൽ കണ്ടെത്തിയ ഈ രോഗം.മനുഷ്യരിലേക്ക് രോഗം പടരിെല്ലന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമിെല്ലന്നും പ്രതിരോധ നടപടികളിലൂടെ രോഗം ഭേദമാകുമെന്നും ജില്ലാ മൃഗസംരക്ഷണഓഫീസർ ഡോ. ലൈബി പോളിൻ അറിയിച്ചു.
●10,000 ഡോസ് പ്രതിരോധ കുത്തിവെപ്പ് മരുന്നെത്തി
●കുത്തിെവപ്പ് നടത്തി
പിണ്ടിമന പഞ്ചായത്തിൽ 99
കവളങ്ങാടും വാളകത്തും 100
●ജില്ലയിൽ 30 പഞ്ചായത്തുകളിലായി
170 പശുക്കളിൽ രോഗ ലക്ഷണം
കിഴക്കമ്പലത്ത് മൃഗഡോക്ടറുമില്ല മരുന്നുമില്ല
കാലികൾക്ക് മുഴരോഗം പടരുന്ന സാഹചര്യത്തിൽ കിഴക്കമ്പലത്ത് ഡോക്ടറും മരുന്നുമില്ലാത്തത് ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തി. ഇവിടുത്തെ മുഴുവൻ സമയ ഡോക്ടർ പരിശീലനത്തിലാണ്. പുത്തൻകുരിശ് ആശുപത്രിയിലെ ഡോക്ടർക്കാണ് ചുമതല. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെയാണ് ആശുപത്രി സമയം. പ്രതിരോധ കുത്തിവെയ്പിനുള്ള മരുന്ന് കിഴക്കമ്പലം വെറ്ററിനറി ആശുപത്രിയിൽ സ്റ്റോക്കില്ല. വൈറസ് ബാധ നാല് പശുക്കളിൽ പിടിപെട്ടിട്ടുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്റ്റോക്കുണ്ടായിരുന്ന മരുന്ന് 100 പശുക്കളിൽ കുത്തിവെച്ചിരുന്നു. സമീപത്തെ പെരിങ്ങാല മൃഗാശുപത്രയ്ക്കു കീഴിൽ 11 പശുക്കൾക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധമൂലം പശുക്കളുടെ ശരീരമാസകലം കുരുക്കൾ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ പഴുത്ത് വൃണമാകുകയും ചെയ്യും. ഒപ്പം പനിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ട്.പാൽ ഉല്പാദനം വളരെ കുറഞ്ഞു. പ്രളയത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെ അതിജീവിച്ച് ക്ഷീരമേഖലയിലേക്ക് മടങ്ങിവന്ന കർഷകർ വൈറസ് രോഗ ബാധയോടെ വിഷമാവസ്ഥയിലാണ്.