കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കണ്ടെത്താനെന്ന് പറഞ്ഞ് പ്രമുഖ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കരുണ' മ്യൂസിക് ഫെസ്റ്റിന്റെ മറവിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ വീണ്ടും ആരോപിച്ചു. താൻ ഇക്കാര്യം പുറത്ത് വിട്ട ശേഷം ആഴ്ചകൾ പിന്നിട്ട് കഴിഞ്ഞ ദിവസം ആറ് ലക്ഷം രൂപ കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചത് തന്നെയാണ് ഇതിന് തെളിവ്.

നവംബറിൽ നടന്ന പരിപാടിയുടെ കണക്ക് പ്രസിദ്ധീകരിക്കാൻ സംഘാടകർ തയ്യാറാകണം. പ്രമുഖ ഗായകരും മറ്റും തീർത്തും സൗജന്യമായി പരിപാടി അവതരിപ്പിച്ചിട്ടും നഷ്ടമുണ്ടായെന്ന് പറയുന്നത് അവിശ്വസനീയമാണ്.

വലിയ തിരക്കിൽ ആയിരക്കണക്കിന് ടിക്കറ്റുകൾ വിറ്റിട്ടും നഷ്ടത്തിന്റെ പേരിൽ പണം നൽകാതിരിക്കുവാനുള്ള ശ്രമത്തിലാണ് സംഘാടകരെന്നും സന്ദീപ് വാര്യർ പറഞ്ഞു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി മ്യൂസിക്കൽ ഷോയ്ക്ക് വിട്ടുനൽകി. ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെയും റീജിയണൽ സ്പോർട്ട്സ് സെന്റർ സെക്രട്ടറിയുടെയും നടപടികളും അന്വേഷിക്കണം.

മുഖ്യമന്ത്രിയുടെ പേര് ഉയർത്തിക്കാട്ടി ലക്ഷങ്ങളാണ് ഷോയുടെ മറവിൽ തട്ടിയെടുത്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഒ.രാജഗോപാൽ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.