കൊച്ചി: കരൾ രോഗത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് പിഞ്ചുകുഞ്ഞിനെ റോഡുമാർഗം കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ചു. ആലപ്പുഴ എസ്.എൽ പുരം കൊല്ലതായ് വെളിയിൽ വീട്ടിൽ സാജൻ ജോസഫ് മേരി ദമ്പതികളുടെ 9 മാസം പ്രായമായ മകൻ ആര്യനെയാണ് ഇന്നലെ രാത്രി 9 മണിയോടെ എത്തിച്ചത്. ടെസ്റ്റുകളുടെ റിസൾട്ട് ലഭിക്കാൻ 12 മുതൽ 14 മണിക്കൂർ വരെ എടുക്കും. അതിനു ശേഷമേ സർജറി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ.
തിരുവനന്തപുരത്ത് നിന്ന് കനിവ് 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വൈശാഖ് വി.എസും പൈലറ്റ് രാജേഷ് കുമാറുമാണ് മൂന്നു മണിക്കൂർ കൊണ്ട് കുഞ്ഞിനെ എത്തിച്ചത്. നാലു ദിവസം മുൻപാണ് ന്യുമോണിയ ബാധയെ തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്. എസ്.എ.ടി ആശുപത്രിയിലെ പരിശോധനകളിൽ കുഞ്ഞിന് ഗുരുതര കരൾ രോഗമുണ്ടെന്ന് കണ്ടെത്തി.