ആലുവ മുതൽ പേട്ട വരെ മെട്രോ സർവീസെന്നലക്ഷ്യം ഏതാനും ആഴ്ചകൾക്കം യാഥാർത്ഥ്യമാകും

കൊച്ചി: കൊച്ചി നഗരവികസനത്തിന് കുതിപ്പ് നൽകിയ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം സമ്പൂർണതയിലേയ്ക്ക്. ആലുവ മുതൽ പേട്ട വരെ മെട്രോ സർവീസെന്ന ബൃഹത് ലക്ഷ്യം ഏതാനും ആഴ്ചകൾക്കം പൂർണമാകും. രണ്ടാംഘട്ടത്തിലെ വളർച്ചയിലേയ്ക്ക് കുതിക്കാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ.

ആലുവ മുതൽ തൈക്കൂടം വരെയാണ് നിലവിൽ മെട്രോ സർവീസ് നടത്തുന്നത്. തൈക്കൂടം മുതൽ പേട്ട വരെ ഒന്നേകാൽ കിലോമീറ്റർ നിർമ്മാണത്തോടെ ആദ്യഘട്ടം പൂർത്തിയാകും. ട്രാക്ക്, സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് പൂർത്തിയായി. സ്റ്റേഷനുകളിലെ സൗകര്യങ്ങൾ ഒരുക്കലും മിനുക്കുപണികളുമാണ് ശേഷിക്കുന്നത്.

മാർച്ച് പകുതിയോടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് നിർമ്മാണ ചുമതല വഹിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അധികൃതർ പറഞ്ഞു. തുടർന്ന് റെയിൽവെ ചീഫ് സുരക്ഷാ കമ്മിഷണർ പരിശോധന നടത്തും. കമ്മിഷണറുടെ അനുമതി നേടി മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വാണിജ്യ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.

# ട്രെയിനോട്ടം മൂന്നു ഘട്ടങ്ങളിൽ

ആലുവ മുതൽ പേട്ട വരെയാണ് മെട്രോയുടെ ആദ്യഘട്ടമായി വിഭാവനം ചെയ്തത്. നിർമ്മാണം പൂർത്തിയായ മുറയിൽ ആലുവ പാലാരിവട്ടം റൂട്ടിൽ ആദ്യം ട്രെയിൻ സർവീസ് ആരംഭിച്ചു. തുടർന്ന് മഹാരാജാസ് കോളേജ് സ്റ്റേഷനിലേയ്ക്കും പിന്നീട് വൈറ്റില കടന്ന് തൈക്കൂടത്തേയ്ക്കും നീട്ടി. ശേഷിക്കുന്ന പേട്ട വരെ സർവീസ് ആരംഭിക്കുന്നതോടെ ഒന്നാംഘട്ടം പൂർണമാകും.

# ഇനി ഡൽഹിയില്ല, മെട്രോമാനും

പേട്ട വരെ മെട്രോ എത്തുന്നതോടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡി.എം.ആർ.സി) മെട്രോമാൻ ഇ. ശ്രീധരനും പിന്മാറും. കരാർ പ്രകാരം ആലുവ പേട്ട റൂട്ടിലെ നിർമ്മാണം നടത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) കൈമാറാനാണ് കരാർ. തുടർന്നുള്ള പാതനീട്ടൽ ജോലികൾ ഏറ്റെടുക്കേണ്ടെന്ന് ഡി.എം.ആർ.സി തീരുമാനിച്ചിരുന്നു.

മെട്രോയുടെ മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് ഇ. ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃപാടവവും സാങ്കേതിക കാര്യങ്ങളിലെ അറിവുമാണ് മെട്രോ നിർമ്മാണത്തിന് മുഖ്യ ശക്തിയായത്. മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് വിരമിച്ച അദ്ദേഹം ഡൽഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് പദവിയിലാണിപ്പോൾ.

# ഇനി വികസനക്കാലം

മെട്രോയെ കൂടുതൽ മേഖലകളിലേയ്ക്ക് ദീർഘിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യവും വെല്ലുവിളിയും. കെ.എം.ആർ.എല്ലാണ് രണ്ടാം ഘട്ടത്തിന് ചുക്കാൻ പിടിക്കുക. പേട്ടയിൽ നിന്ന് തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ വരെയും തുടർന്ന് റെയിൽവെ സ്റ്റേഷൻ വരെയും നീട്ടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്ക് വരെ നീളുന്ന പുതിയ പാതയും അടുത്ത ഘട്ടത്തിലുണ്ട്. ഇൻഫോപാർക്ക് റൂട്ടിന് കേന്ദ്രാംഗീകാരം ലഭിച്ചാൽ നിർമ്മാണം ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.

പരീക്ഷണ ഓട്ടം

പരിശോധിച്ചത് : ട്രാക്കിന്റെ ശേഷി, വൈദ്യുതിപ്രവാഹം, സിഗ്നൽ

ഓടിയ വേഗത : 5 കിലോമീറ്റർ

ഇനി : 50 കിലോമീറ്റർ വരെ

ട്രെയിനിൽ ഭാരം കയറ്റി ഓടിക്കും

ആലുവ - തൈക്കൂടം : 23.65 കിലോമീറ്റർ

തൈക്കൂടം - പേട്ട : 1.25 കിലോമീറ്റർ

ആലുവ - പാലാരിവട്ടം ഉദ്ഘാടനം : 2017 ജൂൺ 17

ഇനി

പേട്ട എസ്.എൻ കവല

എസ്.എൻ. കവല- റെയിൽവെ സ്റ്റേഷൻ

ജെ.എൽ.എൻ സ്റ്റേഡിയം - ഇൻഫോപാർക്ക്