കൊച്ചി: മത്സ്യങ്ങൾക്ക് ഒരു പ്രാവശ്യമെങ്കിലും പ്രജനനം നടത്തി വംശവർദ്ധനവിന് അവസരം നൽകാതെ അവയെ പിടിച്ചെടുക്കുന്ന രീതി മാറ്റണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ പറഞ്ഞു. പ്രജനനത്തിന് അവസരം നൽകുന്ന തരത്തിൽ മത്സ്യബന്ധന രീതികൾ മാറാതെ മത്സ്യസമ്പത്ത് കുറയുന്നതിനെ ചൊല്ലി ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആകാശവാണി കൊച്ചി നിലയവും കുഫോസും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ കിസാൻ ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശവാണി കൊച്ചി സ്‌റ്റേഷൻ ഡയറക്ടർ ലീലാമ്മ മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. ആകാശവാണി സ്റ്റേഷൻ എൻജിനീയർ പി.ആർ.ഷാജി അദ്ധ്യക്ഷനായി. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ കുഫോസ് വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ.ഡെയ്‌സി കാപ്പൻ , കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ദിലീപ്കുമാർ, നബാർഡ് എ.ജി.എം.അശോക് കുമാർനായർ (എന്നിവർ വിഷയം അവതരിപ്പിച്ചു. കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി. ശങ്കർ മോഡറേറ്ററായിരുന്നു. ആകാശവാണി പ്രോഗ്രാം എക്‌സിക്യുട്ടീവ് പി. ബാലൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ എന്നിവർ പ്രസംഗിച്ചു.