പിറവം: പാമ്പാക്കുടയിൽ ഭൂരഹിത ഭവനരഹിതർക്ക് സ്വന്തമായി ഭൂമിയും വീടും ഒരുങ്ങുന്നു. വർഷങ്ങളായി വാടക വീടുകളിലും ബന്ധുവീടുകളിലും അന്തിയുറങ്ങുന്നവർക്ക് ആശ്വാസം ചൊരിഞ്ഞ് ഗ്രാമ പഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതർക്ക് വീടു നല്കുന്ന ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. മുൻ പ്രസിഡന്റ് സുഷമമാധവന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ മരുതനാക്കുഴി പ്രദേശത്ത് ആറ് കുടുംബങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ സ്ഥലം വാങ്ങിയത്.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമി സുരേന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് എന്നിവർ വീടുകൾക്ക് തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് രാജീവ് സി. ബി , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുഷമ മാധവൻ , വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റീജാ മോൾ, തങ്കച്ചൻ കുര്യാക്കോസ് ,സിന്ധു ജോർജ് , പഞ്ചായത്ത് അംഗങ്ങളായ സാജു ജോർജ്, ഒ. എം ചെറിയാൻ എന്നിവരും ഉദ്യോഗസ്ഥരും രാഷ്ട്രീയ സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ആറ് കുടുംബങ്ങൾക്കും ഭവന നിർമ്മാണത്തിന് നാലു ലക്ഷം രൂപ വീതം ഘട്ടം ഘട്ടമായി അനുവദിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഭൂരഹിത ഭവന രഹിത പദ്ധതിയിൽ ഉൾപ്പെട്ട പത്ത് ഗുണഭോക്താക്കൾക്ക് കൂടി സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയായതായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മോഹൻദാസ് കെ സി അറിയിച്ചു.