പറവൂർ: ഇനി ആദിത്യയ്ക്ക് പരിശീലനത്തിനും മത്സരത്തിനും സൈക്കിൾ കടം വാങ്ങിയോ വാടകയ്ക്കെടുത്തോ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. ഇനിയുള്ള പരിശീലനവും മത്സരങ്ങളും റോട്ടറി ക്ളബ് ഒഫ് കൊച്ചിൻ സമ്മാനിച്ച സ്പോർട്സ് സൈക്കിളിലായിരിക്കും. കിഴക്കേപ്രം പിഷാരത്ത് വീട്ടിൽ രതീഷ് - മിനി ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ മൂത്ത മകളായ ആദിത്യ രതീഷ്. സ്കൂൾതലം മുതൽ ജില്ലാ സംസ്ഥാന തലങ്ങളിലെ സൈക്കിളിംഗ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ആദിത്യയും സഹോദരി അനന്യയും കരസ്ഥമാക്കിയട്ടുണ്ട്.ഇരുവരും പ്ളസ് ടു വിദ്യാർത്ഥിനികളാണ്.നഗരസഭാ കൗൺസിലർ സജി നമ്പിയത്ത് വി.ഡി സതീശൻ എം.എൽ.എ മുഖാന്തിരം റോട്ടറി ക്ളബ് ഭാരവാഹികളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്പോർട്സ് സൈക്കിൾ ലഭിക്കുന്നതിന് വഴി തെളിഞ്ഞത്. ക്ളബ് പ്രസിഡന്റ് ശ്വേത വാസുദേവൻ വി.ഡി. സതീശൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് സൈക്കിൾ കൈമാറി. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ, സജി നമ്പിയത്ത്, വി.എ.പ്രഭാവതി ടീച്ചർ, കെ.എ. വിദ്യാനനൻ, റോട്ടറി ക്ളബ് ഒഫ് കൊച്ചിൻ സെക്രട്ടറി വൈസ് അഡ്മിറൽ പി. മുരളീധരൻ, മുൻ പ്രസിഡന്റ് സുകുമാരൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അയ്യപ്പൻ പിള്ള, ആർ. വിശ്വംഭരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
പരിശീലനം നടത്തിയത് സൈക്കിൾ കടമെടുത്ത്
കഴിഞ്ഞ തവണത്തെ സംസ്ഥാന സൈക്ളിംഗ് മത്സരത്തിൽ ആദിത്യക്ക് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്തതിന്റെ അയൽവാസികളുടെ സൈക്കിൾ കടമെടുത്താണ് ഇരുവരും പരിശീലനം നടത്തിയിരുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ സ്പോർട്സ് സൈക്കിൾ വാടകയ്ക്കെടുക്കുകയാണ് പതിവ്.