ആലുവ: കൊച്ചിൻ ഷിപ്പ് യാർഡ് 15 ലക്ഷം രൂപ ചെലവഴിച്ച് ആലുവ കീഴ്മാട് ബ്ലൈൻഡ് സ്‌കൂളിനു നിർമ്മിച്ചു നൽകിയ ഭിന്നശേഷി സൗഹൃദ ബോധനപാർക്ക് തുറന്നു. സ്‌കൂളിന്റെ 58-ാ മത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഷിപ്പ് യാർഡ് ഡയറക്ടർ ഒഫ് ഓപ്പറേഷൻസ് എൻ.വി. സുരേഷ് ബാബു പാർക്ക് ഉദ്ഘാടനം ചെയ്തു. ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ബ്ലൈൻഡ് സ്‌കൂൾ സൊസൈറ്റി പ്രസിഡന്റ് വി.ജി. കോശി അദ്ധ്യക്ഷത വഹിച്ചു.
കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് മുഖ്യാതിഥിയായി. എൽ ആൻഡ് ടി ഏരിയ മാനേജർ സഞ്ജുജോൺ സന്ദേശം നൽകി. സ്‌കൂൾ മാനേജർ വറുഗീസ് അലക്‌സാണ്ടർ, റവ.തോമസ് ജോൺ, ജിജി വർഗീസ്, എ.കെ. സുഭാഷ്, ടി.ജെ. ജോൺ, കെ.എം. അബു, കെ.ജെ. വർഗീസ്, ജോർജ് സി. ചാക്കോ, ജോർജ് വർഗീസ്, സി.എം. തോമസ്, സി.എസ്. വസുദേവ്, അനിത കെ. വറുഗീസ് എന്നിവർ പ്രസംഗിച്ചു.
കാഴ്ചയുടെ പരിമിതികളെ മറികടന്ന് ശാരീരികവും മാനസികവുമായ വികാസത്തിന് സഹായിക്കുന്ന 'മൾട്ടി പ്ലേ സ്റ്റേഷനും' ശാസ്ത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും പാഠങ്ങൾ കളിച്ചും സ്പർശിച്ചും തിരിച്ചറിയാവുന്ന സ്പർശന ചിത്രങ്ങളും മറ്റനേകം പ്രത്യേകതകളുമുള്ളതാണ് പാർക്ക്. സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള വിദ്യാഭ്യാസം കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തുവാൻ പാർക്കിൽ വൻകരകളുടെയും സമുദ്രങ്ങളുടെയും ലോകരാജ്യങ്ങളുടെയും സ്പർശിച്ചറിയാവുന്ന ചലിക്കുന്ന ഗ്ലോബും സജ്ജമാക്കിയിട്ടുണ്ട്.
സൂചികൾ സ്വന്തം കൈകൊണ്ട് തിരിച്ച് സമയബോധം നേടുന്നതിന് സഹായിക്കുന്ന വലിയക്ലോക്കിന്റെ മാതൃകയുമുണ്ട്. ഈ മാതൃകയിലൂടെ ഭിന്നസംഖ്യകളുടെ ആശയവും ലളിതമായി കളിച്ചുപഠിക്കാം. ഗണിത ക്രിയകൾ കളിയിലൂടെ പഠിക്കാൻ സാധിക്കുന്ന അബാക്കസ് പാർക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. കാഴ്ചവൈകല്യത്തോടൊപ്പം ഇതര വൈകല്യങ്ങളുമുള്ള കുട്ടികളുടെ സമ്പൂർണ കായിക ബൗദ്ധിക വികാസത്തിനുതകുന്ന ട്രം ബോളിൻ, ബോൾ പൂൾ, വാക്കിംഗ് മെഷീൻ, ഒക്കുപ്പേഷണൽ ആൻഡ് ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയും സ്‌കൂളിനുണ്ട്.