കോലഞ്ചേരി: അനധികൃത ഭക്ഷണവില്പനശാലകൾ ഗ്രാമീണ മേഖലകളിൽ പെരുകുന്നു. വേനൽക്കാലമായതോടെ അനധികൃതമായ ലഘുപാനീയ വില്പന കേന്ദ്രങ്ങളും, തണ്ണി മത്തൻ, പൊട്ടു വെള്ളരി, കരിമ്പ് ജ്യൂസ് വില്പന കേന്ദ്രങ്ങളുമാണ് കൂടുതലായി തുറക്കുന്നത് .വേനൽ കനത്തതോടെ റോഡിൽ നിന്നുമുയരുന്ന പൊടിയടിച്ചാണ് കരിമ്പു ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ജ്യൂസ് തയ്യാറാക്കുന്നത്. ജ്യൂസ് അടിക്കാനായി തയ്യാറാക്കുന്ന കരിമ്പ് സൂക്ഷിക്കുന്നതും വൃത്തി ഹീനമായ സാഹചര്യത്തിലാണ്.ദേശീയപാതയോരങ്ങളിലും,പ്രധാന റോഡുകളിലുമാണ് അനധികൃത ജ്യൂസ് വിലപനശാലകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നത്. ഉന്തുവണ്ടികളിൽ പ്രവർത്തിക്കുന്നവയാണ് മിക്ക കടകളും. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മിക്ക കടകളും നടത്തുന്നത്. ലഘുഭക്ഷണവും ചായയുമാണ് പ്രധാന കച്ചവടം.പ്രവർത്തിക്കുന്നിടത്തുതന്നെ പലഹാരങ്ങൾ ഉണ്ടാക്കുന്ന
കേന്ദ്രങ്ങളാണ് മിക്കതും. വിലകുറഞ്ഞതും ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നതുമായ എണ്ണയിലാണ് ഇത്തരം പലഹാരം വറുത്തെടുക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധം
ഭക്ഷണവില്പനശാലകൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഇത്തരം കേന്ദ്രങ്ങളിൽ പലതിനും രജിസ്‌ട്രേഷനില്ല. ഗുണനിലവാര നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിവിധ തരം ബജ്ജികൾ, വടകൾ, പഴംപൊരി, ഇടിയപ്പം, ചപ്പാത്തി, അപ്പം, ദോശ തുടങ്ങിയവയാണ് ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്നത്. അതിരാവിലെ ഇരുചക്രവാഹനങ്ങളിൽ ഇവ ഹോട്ടലുകളിലുൾപ്പെടെ ഇവർ എത്തിക്കും. കടകളിൽ വിൽകുന്നതിനേക്കാൾ രണ്ടുരൂപ കുറച്ചാണ് വിതരണം . ഉത്പാദനത്തിലെ ബുദ്ധിമുട്ടൊഴിവാകുന്നതും വലിയ ലാഭവും കണക്കിലെടുത്ത് ഹോട്ടലുകളിലും ചായക്കടകളിലും ഈ പലഹാരങ്ങൾ വാങ്ങിവെച്ച് വില്പന നടത്തുന്നുണ്ട്. പഴയ വീടുകളോ കെട്ടിടങ്ങളോ വാടകയ്‌ക്കെടുത്താണ് ഇത്തരം ഭക്ഷണവസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങളിൽ മിക്കതും പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് ഒരു കണക്കും തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമല്ല. ശുചിത്വമില്ലാത്ത പരിസരങ്ങളിലാണ് ഈ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം നടക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി നിയന്ത്റിക്കാതെ വന്നാൽ ഗ്രാമീണ മേഖലകൾ പകർച്ച വ്യാധി ഭീഷണിയിലേയ്ക്കെത്തും.
രോഗങ്ങൾക്കിടയാകും
ഗുണനിലവാരമില്ലാത്ത എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങളും ശുചിത്വമില്ലാത്ത പരിസരങ്ങളിൽ നിർമിക്കുന്ന ഭക്ഷ്യവസ്തുക്കളും ഗുരുതര രോഗങ്ങൾക്കിടയാക്കും. ആന്തരികാവയവങ്ങൾ തകരാറിലാക്കുന്നതോടൊപ്പം അലർജിക്കും കാൻസറിനും ഉൾപ്പെടെ ഇത് കാരണമാകും.മിക്ക രോഗങ്ങളുടെയും ഉറവിടം ശരിയല്ലാത്ത ഭക്ഷണമാണ്.
ഡോ.നീതു സുകുമാരൻ, താലൂക്ക് ഹോസ്പിറ്റൽ കുറ്റ്യാടി
കർശന നടപടി സ്വീകരിക്കും
പരിശോധന കർശനമാക്കും ,രജിസ്‌ട്രേഷനില്ലാതെയാണ് ഇത്തരം കേന്ദ്രങ്ങളിൽ പലതും പ്രവർത്തിക്കുന്നത്.പൊടി പടലങ്ങളടിച്ച് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്യുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കും.
കെ.കെ സജി, ഹെൽത്ത് ഇൻസ്പെക്ടർ