കോലഞ്ചേരി: മത്സരയോട്ടത്തിനൊടുവിൽ സ്വകാര്യ ബസുകാർ രാമമംഗലത്ത് ഹൈസ്‌കൂളിന് മുന്നിൽ ഏറ്റുമുട്ടി. വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെ ബസിലിരുത്തിയായിരുന്നു വഴക്കിടൽ. ഒരു വണ്ടിയുടെ മുന്നിലെ കണ്ണാടി അടിച്ചുടച്ചു. ചില്ല് റോഡിൽവീണ് ഗതാഗതം സ്തംഭിച്ചു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വണ്ടിക്കാരെ പിടിച്ചുമാറ്റിയത്. പെരുമ്പാവൂരിൽനിന്ന് കോലഞ്ചേരി രാമമംഗലത്തെത്തി ഊരമന പെരുവംമൂഴി കോലഞ്ചേരി വഴി തിരികെ പെരുമ്പാവൂർക്ക് പോകുന്ന ബസിലെയും,കോലഞ്ചേരിയിൽനിന്ന് രാമമംഗലം വഴി കൂത്താട്ടുകുളത്തിന് പോകുന്ന ബസിലെയും പണിക്കാരാണ് അവരുടെ സമയക്രമം പറഞ്ഞ് കഴിഞ്ഞ ദിവസം തമ്മിലടിച്ചത്. രണ്ടു വണ്ടികളും കോലഞ്ചേരിയിൽനിന്ന് രാമമംഗലം ആശുപത്രിക്കവല വരെ എത്തുന്നത് ഒരേ വഴിയിലൂടെയാണ്. ഇതാണ് അവരെ മത്സരയോട്ടത്തിന് പ്രേരിപ്പിക്കുന്നത്. മത്സരയോട്ടം നടത്തി തമ്മിലടിച്ച് ബഹളമുണ്ടാക്കിയെങ്കിലും പ്രശ്‌നം പൊലീസിലെത്തിയിട്ടില്ല. ബസുകളുടെ മത്സരയോട്ടവും ടിപ്പറുകളുടെയും ടോറസുകളുടെയും മരണപ്പാച്ചിലുമൊക്കെ ഉള്ളതിനാലാണ് നേരത്തെ സ്‌കൂളുകൾക്ക് മുന്നിൽ പൊലീസിനെ ഡ്യൂട്ടിക്കിട്ടത്. എന്നാൽ സ്റ്റേഷൻ പരിധിയിലെ എല്ലാ സ്‌കൂളുകൾക്ക് മുന്നിലും പൊലീസിനെ നിർത്താൻ പലപ്പോഴും ആവശ്യത്തിന് പൊലീസുകാർ ഉണ്ടാകാറില്ല.