sachithanandan
കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കവി സച്ചിദാനന്ദൻ സംസാരിക്കുന്നു

കൊച്ചി: ഏകശിലാരൂപമായ ഇന്ത്യയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലത്ത് മുൻകാല ചരിത്രം അറിയേണ്ടത് ആവശ്യമാണെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. അനേകം പാരമ്പര്യങ്ങളെ ഉൾക്കൊണ്ടു ഇന്ത്യ ഒന്നിച്ചു നിന്നതെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യം, സംസ്‌കാരം, വൈവിദ്ധ്യങ്ങളുടെ ഇന്ത്യ എന്ന വിഷയത്തിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സംസ്‌കാരങ്ങളെയും പുറത്ത് നിറുത്തുന്ന ദേശീയതാ സങ്കല്പമാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഒരുപാട് രാമായണങ്ങൾ പല വിഭാഗങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. രാമായണം എന്നത് കേവലം ഒരു കൃതിയല്ല. ഒരു പാരമ്പര്യമാണ്. പല രാമായണങ്ങൾ പല കാലങ്ങളിലായി ഇറങ്ങി. രാമായണം കേവലം ഹൈന്ദവമല്ല. ജൈനരുടെയും ബുദ്ധരുടെയും രാമായണം ഉണ്ട്. മുസ്ലിം, കൃസ്ത്യൻ വിഭാഗങ്ങൾക്ക് രാമായണങ്ങലുള്ള ഇടങ്ങളുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ് അടക്കമുള്ള രാജ്യങ്ങളിൽ അത് കാണാം. എല്ലാ രാമായണങ്ങളും ഒരേ പോലെയല്ല രാമകഥയെ സമീപിക്കുന്നത്. കഥാപാത്രങ്ങൾ പൊതുവെങ്കിലും അവയുടെ ബന്ധം വേറെയാണ്.
എല്ലാ ഇന്ത്യക്കാരും ഏതെങ്കിലും ഒരു പ്രത്യേക വംശത്തിന്റെ പിന്മുറക്കാരല്ല. പല സമയത്തുമുള്ള കുടിയേറ്റങ്ങളിലൂടെ എത്തിച്ചേർന്നവരാണ്. സമ്മിശ്ര ജനതയാണ് ഇന്ത്യയിലേത്. ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല ഇന്ത്യൻ സംസ്‌കാരത്തെ നിർമ്മിച്ചത്. ഏറ്റവും വലിയ രാജ്യസ്‌നേഹികളുടെ പാരമ്പര്യം ഇസ്ലാം മതത്തിനുണ്ട്. മുഗൾ കാലഘട്ടത്താണ് ഹിന്ദുക്കളും മുസ്ലിംകളും ഏറ്റവും യോജിപ്പോടെ ജീവിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. സംസ്‌കാരം പോലെ ഭാഷകളുടെയും പലമ ഇവിടെയുണ്ട്. ഭാഷ, സംസ്‌കാരം തുടങ്ങിയവയിലെ വൈവിദ്ധ്യം നിലനിറുത്തുക പ്രധാനമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.