ആലപ്പുഴ: കയർ സഹകരണ സംഘങ്ങളിൽ നിന്നു കയർഫെഡ് സംഭരിച്ച കയറിന്റെ വില കുടിശികയില്ലാതെ പൂർണ്ണമായും വിതരണം ചെയ്തതായി കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ അറിയിച്ചു.
കയർവിലയായി കയർഫെഡ് സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസങ്ങളിൽ പത്ത് കോടിയോളം രൂപയാണ് വിതരണം ചെയ്തത്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 2015-16ൽ 77,000 ക്വിന്റലായിരുന്നു കയർ സംഭരണം. 2016-17ൽ ഒരു ലക്ഷം ക്വിന്റലായും, 2017-18ൽ 1.27 ലക്ഷം ക്വിന്റലും, 2018-19ൽ 1.57 ലക്ഷം ക്വിന്റലുമായി കയർ ഉത്പാദനം വർദ്ധിച്ചു. ഓരോ വർഷവും 30 ശതമാനം വീതം വളർച്ച കൈവരിക്കാനായി. നടപ്പു സാമ്പത്തിക വർഷം ജനുവരിയോടെ കഴിഞ്ഞ വർഷത്തെ സംഭരണം പൂർത്തീകരിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ കയർ സംഭരണം രണ്ട് ലക്ഷം ക്വിന്റൽ മറികടക്കുമൊണ് പ്രതീക്ഷിക്കുന്നത്.
കയർ വില കുടിശികയില്ലാതെ നൽകുന്നതുവഴി ഉത്പാദനം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. അടുത്ത വർഷം നാല് ലക്ഷം ക്വിന്റൽ കയർ സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ എണ്ണത്തിലും തൊഴിൽദിനങ്ങളിലും ഉണ്ടായ വർദ്ധനവാണ് ഈ കണക്കുകളിൽ നിന്നു വെളിവാകുന്നത്. സംഭരിക്കുന്ന കയറിന്റെ ഭൂരിഭാഗവും കയർ ഭൂവസ്ത്രം ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാക്കി രൂപാന്തരപ്പെടുത്തിയാണ് വിപണനം ചെയ്യുന്നത്. അതുവഴി ഉത്പാദകമേഖയിലെ തൊഴിലാളികളുടെ തൊഴിൽദിനങ്ങളിലും ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യവും ഉറച്ച പിന്തുണയും മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നൽകുന്ന സഹായസഹകരണങ്ങളും കൊണ്ടാണ് കയർഫെഡിന് ഈ നേട്ടങ്ങൾ കൈവരിക്കാനായത്. മേഖലയിലെ പുരോഗതികൾ കണക്കിലെടുക്കാതെ നടത്തുന്ന അപവാദ പ്രചാരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ പറഞ്ഞു.