അങ്കമാലി: ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേരളകൗമുദി മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്ന് തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് പറഞ്ഞു. കേരളകൗമുദിയുടെയും തുറവൂർ ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെയും സംയുക്താഭിമുഖ്യത്തിൽ തുറവൂർ പുല്ലാനിയിൽ അഗ്‌നിസുരക്ഷാ ബോധവത്കരണ സെമിനാറും പ്രവൃത്തിപരിചയ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലിയിലെ അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും സേനയുടെ ബോധവത്കരണ പ്രവർത്തനങ്ങൾ
എത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിവിൽ ഡിഫൻസ് ഗ്രൂപ്പ് അംഗവുമായ സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു.
കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് എം.എസ്. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ലത ശിവൻ സംസാരിച്ചു. കേരളകൗമുദി അങ്കമാലി ലേഖകൻ കെ. കെ. സുരേഷ് സ്വാഗതവും ആശ്വാസ് പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി പി.വി. ജോയി നന്ദിയും പറഞ്ഞു. എങ്ങനെ സുരക്ഷയൊരുക്കാം എന്ന വിഷയത്തിൽ ലീഡിംഗ് ഫയർമാൻ പി.വി. പൗലോസ് ബോധവത്കരണ ക്ലാസെടുത്തു.
തുടർന്ന് അഗ്‌നിശമന സേനാംഗങ്ങളും ഇരുപതോളം വരുന്ന സിവിൽ ഡിഫൻസ് ഗ്രൂപ്പും ചേർന്ന് വിവിധ രക്ഷാപ്രവർത്തനങ്ങളുടെ ഡെമൻസ്ട്രേഷൻ നടത്തി. ഇരുനില കെട്ടിടത്തിൽ അകപ്പെട്ടുപോയവരെ രക്ഷപെടുത്തൽ, പാചകവാതക സിലിണ്ടറിന് തീപിടിച്ചാൽ ചെയ്യേണ്ട മുൻകരുതലുകൾ, അഗ്‌നിനിശമന ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങിയവ അവതരിപ്പിച്ചു. നാട്ടുകാർക്ക് ബോധവത്കരണ പരിപാടി നവ്യാനുഭവമായി. ഫയർമാൻ കെ.ജി. സാംസൺ, വി.ആർ. രാഹുൽ, പി.ജി. സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.