കൊച്ചി: പതിനൊന്നു രാവും പകലും കൊച്ചിക്ക് സാംസ്കാരിക നിറവ് പകർന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും വൈജ്ഞാനികോത്സവത്തിനും തിരശീല വീണു. കൃതിയുടെ നാലാം പതിപ്പ് കൊച്ചി മറൈൻഡ്രൈവിൽ ജനുവരി 22 മുതൽ 31 വരെ അരങ്ങേറുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചു.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് (എസ്.പി.സി.എസ്) കൃതി സംഘടിപ്പിച്ചത്.
സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.50 കോടി പുസ്തകങ്ങളാണ് ഒരു കുട്ടിയ്ക്ക് ഒരു പുസ്തകം പദ്ധതിയിൽ നൽകിയത്. 250 രൂപയുടെ പുസ്തകകൂപ്പണുകളിലൂടെയാണ് കുട്ടികൾക്ക് അവസരം നൽകിയത്. ബി.പി.സി.എല്ലിന്റെ സഹായത്തോടെ മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ മറുനാടൻ തൊഴിലാളികളുടെ കുട്ടികൾക്കും നൽകുന്നുണ്ട്. 60,000 കുട്ടികളുഉൾപ്പെടെ എട്ടു ലക്ഷത്തിലേറെപ്പേർ സന്ദർശിച്ചു.സാഹിത്യസംബന്ധിയായ വിഷയങ്ങൾക്കുപരിയായി കേരളത്തിന്റെ വികസനം, പരിസ്ഥിതി, സംഗീതം, സിനിമ, മാദ്ധ്യമരംഗം തുടങ്ങിയ വ്യത്യസ്ത മേഖലകളെ ആഴത്തിൽ അറിയാനുപകരിച്ച സമ്മേളനങ്ങൾഅരങ്ങേറി.