കൊച്ചി കേന്ദ്ര ബഡ്‌ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ദേശീയവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഇടതു പാർട്ടികളുടെ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് 18 ന് രാവിലെ 10 മണിക്ക് മാർച്ച് സംഘടിപ്പിക്കാൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി
കൺവീനർ ജോർജ് ഇടപ്പരത്തി അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ വമ്പിച്ച തോതിലുള്ള സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക,തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലാളികൾക്ക് മിനിമം കൂലി അക്കത്തിൽ 21000രൂപ അനുവദിക്കുക, കാർഷിക പ്രതിസന്ധി പരിഹരിക്കുക, കർഷകരുടെ കടങ്ങൾ ഒറ്റത്തവണയായി എഴുതിത്തള്ളുക,പ്രധാനപ്പെട്ട മേഖലകളിലെ സർക്കാരിന്റെ വിഭവങ്ങളുടെ വെട്ടിക്കുറവ് അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭം. ഇതിൻറെ ഭാഗമായി എറണാകുളം ഹോസ്പിറ്റൽ റോഡിലുള്ള പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും. കലൂർ ലെനിൻ സെന്റെറിൽ നടന്ന യോഗത്തിൽ സി.പി.ഐ അസി.ജില്ലാ സെക്രട്ടറി
അഡ്വ:കെ.എൻ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സി.എം.ദിനേശ് മണി, എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തി തുടങ്ങി ഘടകക്ഷി നേതാക്കൾ പങ്കെടുത്തു.