ashiq-abu

കൊച്ചി: സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിൽ നടത്തിയ കരുണ സംഗീത നിശ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് ഇപ്പോഴുയരുന്നത്. സംവിധായകൻ ആഷിക് അബു ഉൾപ്പെടെയുള്ള ചിലരാണ് വിവാദത്തിൽ പെട്ടത്. സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പോരാണ് ഇപ്പോൾ ചൂടുള്ള ചർച്ചയ്ക്ക് വഴിവച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ട യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ വാര്യർ 'ഫ്ലാഷി'നോട് സംസാരിക്കുന്നു:

ഉത്തമബോദ്ധ്യം

സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ പേരിൽ നടത്തിയ കരുണ സംഗീത നിശ എന്ന പരിപാടിയിലൂടെ ഒരു വിഭാഗം വമ്പൻ ലാഭം കൊയ്‌തെന്ന് ഉത്തമമായ ബോദ്ധ്യമുള്ളതു കൊണ്ടാണ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എസ്. സുഹാസിന് പരാതി നൽകിയിട്ടുണ്ട്. ഈ പരാതി അന്വേഷണത്തിനായി ഐജിക്കും കമ്മിഷണർക്കും കൈമാറാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഗീത നിശ നടന്ന് പിറ്റേ ദിവസം പരാപാടി വൻ വിജയമായിരുന്നെന്നാണ് സംഘാടകർ ഫേസ് ബുക്കിൽ കുറിച്ചത്. എന്നാൽ,​ നിലവിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ മൂന്നിരട്ടിയിലേറെ തുക പരിപാടിയിലൂടെ ലഭിച്ചിട്ടുണ്ട്. പരിപാടിക്കായി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം സൗജന്യമായി വിട്ടുകിട്ടിയതും പ്രളയ ദുരിതാശ്വാസത്തിനാണെന്ന പേരിലാണ്. പിന്നീട് അവയെല്ലാം മാറ്റി പറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ സത്യത്തിലേക്ക് എത്തുന്നതു വരെ ഞാൻ പോരാടും. ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കരുത്.

പ്രതിഫലം വാങ്ങാതെ നിരവധി പേർ

പ്രതിഫലം വാങ്ങാതെ കരുണ സംഗീത നിശയുടെ ഭാഗമായത് നിരവധി പേരാണ്. പരിപാടിയിൽ പങ്കെടുത്ത ഗായകനാണ് ആദ്യമായി തുക സർക്കാറിലേക്ക് കൈമാറിയില്ലെന്ന് അറിച്ചത്. പിന്നീട് വിവരാവകാശം വച്ച് രേഖകളെടുത്തതോടെ തുക ലഭിച്ചിട്ടില്ലെന്ന് ഉറപ്പായി. മതിയായ രേഖകൾ ശേഖരിച്ച ശേഷമാണ് വിവരങ്ങൾ പുറം ലോകത്തെ അറിയിച്ചത്. സ്‌പോർട്സ് കൗൺസിലിന് ഫൗണ്ടേഷൻ ഭാരവാഹിയായ സംഗീത സംവിധായകൻ ബിജിപാൽ അയച്ച കത്തും മിനിട്‌സും പിന്നീടാണ് ലഭിക്കുന്നത്. മറ്റു വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

സമൂഹ മാദ്ധ്യമങ്ങളിൽ തുറന്ന പോര്

കരുണ മ്യൂസിക് എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാകാവകാശ രേഖയുടെ പകർപ്പ് സമൂഹമാദ്ധ്യമത്തിൽ ഞാൻ ആദ്യം പങ്കുവച്ചിരുന്നു. പ്രസ്തുത പരിപാടിയുടെ ഭാരവാഹികളിൽ പ്രധാനിയായിരുന്ന സംവിധായകൻ ആഷിക് അബുവിനെക്കൂടി വിമർശിച്ചുകൊണ്ടായിരുന്നു കുറിപ്പ്. എന്നാൽ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണയെന്നും കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പൂർണമായും സ്വന്തം ചെലവിൽ നടത്തിയ പരിപാടിയാണെന്നും ആഷിക് അബു പിന്നീട് പറയുകയായിരുന്നു. 'കരുണ' സംഗീത പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായാണ് ആഷിക് പറയുന്നത്.

സർക്കാർ അന്വേഷിക്കണം

സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണം. ആഷിക് അബു അടക്കമുള്ളവർ ഇടതുപക്ഷ സഹയാത്രികരായതിൽ അന്വേഷണം എത്രമാത്രം സത്യസന്ധമാവുമെന്ന് അറിയില്ല. എങ്കിലും പരിപാടിയുടെ വിവരങ്ങൾ കൃത്യമായി ഓഡിറ്റ് നടത്തണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് ഒ. രാജഗോപാൽ എം.എൽ.എ കത്തു നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.