bpclphoto
ബി.പി.സി.എൽ വില്പനയ്ക്കെതിരെ കൊച്ചി റിഫൈനറി കവാടത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി നടത്തിയ ഉപവാസം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിന് സമർപ്പിച്ച ക്ഷേത്രസമാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ യാതൊരു തത്വദീക്ഷയുമില്ലാതെ വിറ്റുതുലയ്ക്കാൻ നരേന്ദ്രമോദി സർക്കാർ നടത്തുന്ന ഹീനപ്രവൃത്തികൾ അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

കൊച്ചി റിഫൈനറി കവാടത്തിന് മുമ്പിൽ ബി.പി.സി.എൽ വില്പനയ്ക്കെതിരെ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി നടത്തിയ 10 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാസ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കാതെ വർഷാവർഷം ലാഭവിഹിതം നൽകുന്ന സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനാണ് ശ്രമിക്കുന്നത്. കൊച്ചി റിഫൈനറി വാങ്ങാൻ വരുന്ന കുത്തക മുതലാളിമാരുടെ പ്രതിനിധികളെ മൂല്യനിർണയത്തിന് കമ്പനിയിലേയ്ക്ക് കടക്കാൻ തൊഴിലാളികൾ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കന്നടിയിൽ അദ്ധ്യക്ഷനായിരുന്നു. വി.പി. സജീന്ദ്രൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം. സക്കീർഹുസൈൻ, സംസ്ഥാന ഭാരവാഹികളായ പി.ടി. പോൾ, വി.പി ജോർജ്, എം.എം. അലിയാർ, എം.എം. രാജു, സാജു തോമസ്, ജില്ലാ ഭാരവാഹികളായ ടി.കെ. രമേശൻ, പി.പി അവറാച്ചൻ, ഷൈജു കേളന്തറ, എം.പി സലിം, കെ.എസ്. താരാനാഥ്, സൈമൺ ഇടപ്പള്ളി, പോൾ വർഗീസ്, പി.ഡി. സന്തോഷ്‌കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.തങ്കപ്പൻ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്, കൊച്ചി റിഫൈനറി ട്രേഡ് യൂണിയൻ നേതാക്കളായ പ്രവീൺകുമാർ പി.ജി, എം.ജി. ജേക്കബ് മാത്യു, ടി.ബി മിനി എന്നിവർ പ്രസംഗിച്ചു. ഏലിയാസ് കാരിപ്ര സ്വാഗതവും ജോസഫ് ഡെന്നീസ് നന്ദിയും പറഞ്ഞു.