കോലഞ്ചേരി: വരുമോ പൂതൃക്ക ചേന്നുള്ളി ചിറയിലൊരു നീന്തൽ പരിശീലന കേന്ദ്രം.ജില്ലാ പഞ്ചായത്ത് 32 ലക്ഷം രൂപ മുടക്കിയാണ് ചിറ നവീകരിച്ചത്. ചുറ്റും കരിങ്കല്ലു കെട്ടി ചെളി കോരി മാറ്റി, താഴ്ത്തി മേഖലയിലെ ശുദ്ധ ജല സ്രോതസിൽ മികച്ചതാക്കി. ചുറ്റുമതിൽ കെട്ടി കുളി പടവുകൾ ഉണ്ടാക്കി. ചിറ നവീകരിച്ചതോടെ ഒട്ടേറെ ആളുകൾ കുളിക്കാനായി എത്തുന്നുണ്ട്.തട്ടേക്കാട് ബോട്ട് ദുരന്തത്തിനു ശേഷം സ്‌കൂൾ വിദ്യാർത്ഥികളിൽ നീന്തൽ പരിശീലനത്തിനു സർക്കാർ പ്രോത്സാഹനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പ്ളസ് വൺ പ്രവേശനത്തിന് 2 ബോണസ് പോയിന്റുകൾ നീന്തൽ അറിയാവുന്നവർക്ക് അധികമായി നൽകി വരുന്നുണ്ട്. എന്നാൽ നീന്തൽ കുളങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും അഭാവം കുട്ടികൾക്ക് ഈ പോയിന്റുകൾ നഷ്ടപ്പെടാൻ കാരണമാകുന്നു.ഗ്രാമ പ്രദേശങ്ങളിൽ ചിറകളും കുളങ്ങളും ധാരാളമുള്ളതിനാൽ നീന്തൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ പഞ്ചായത്തുകൾക്ക് എളുപ്പം കഴിയും. പഞ്ചായത്തിൽ ഒരു ജലാശയമെങ്കിലും നീന്തൽ പരിശീലനത്തിനായി ഉപയോഗപ്പെടുത്താനും സാധിക്കും.വേനൽ അവധിക്കാലമാണ് ഇതിന് അനുയോജ്യമായ സമയം. കുട്ടികൾക്കു ബോണസ് മാർക്കുകൾ നൽകിയതു കൊണ്ടു മാത്രം നീന്തൽ പഠിക്കില്ലെന്നും ഇതിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് ഭരണ സമിതി മുൻ കൈയെടുക്കണം
ചേന്നുള്ളി ചിറയിലെ നീന്തൽ പരിശീലനത്തിന് പഞ്ചായത്ത് ഭരണ സമിതിയാണ് മുൻ കൈയെടുക്കേണ്ടത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും തുകയനുവദിച്ചാണ് ചിറ നവീകരിച്ചത്. തമ്മാനിമറ്റത്ത് ജല ദർശിനി പദ്ധതി വിഭാവനം ചെയ്തു വരികയാണ്. ഇവിടെ കയാക്കിംഗ് പരിശീലനത്തിന് സൗകര്യമൊരുക്കും.
ജോർജ് ഇടപ്പരത്തി , ജില്ലാ പഞ്ചായത്തംഗം , കോലഞ്ചേരി ഡിവിഷൻ