കലൂർ - കടവന്ത്ര റോഡ് അറ്റകുറ്റപണിക്ക് സമയം തേടിയത് നാലു മാസം
നൽകാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കലൂർ - കടവന്ത്ര റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ജി.ഡി.ഡി.എ ചോദിച്ചത് നാലു മാസം സമയം. ഡി.എം.ആർ.സിക്ക് ഒരു പാലം പണിയാൻ അത്രയും സമയം വേണ്ടല്ലോയെന്ന് ഹൈക്കോടതി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. നഗരത്തിലെ റോഡുകളുടെ സ്ഥിതിയെക്കുറിച്ച് അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകർ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഹർജികൾ ഫെബ്രുവരി 25 ന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി പറയുന്നു
കലൂർ - കടവന്ത്ര റോഡിൽ കുഴികളാണെന്ന് ജനങ്ങൾ പരാതി പറയുന്നു. കതൃക്കടവ് പാലത്തിൽ പോലും കുഴികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങളിതൊക്കെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്ക് ചുമത്താൻ സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങി. കലൂർ - കടവന്ത്ര റോഡ് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകണം. നഗരത്തിലെ റോഡുകളിൽ പാച്ച് വർക്ക് മാത്രമാണ് നടക്കുന്നത്. കൊച്ചി നഗരത്തിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതയുടെയും ദേശീയ പാതയുടെയും സ്ഥിതി മെച്ചമല്ല.
ജി.സി.ഡി.എയുടെ മറുപടി
അറ്റകുറ്റപ്പണികൾക്ക് 120 ദിവസം അനുവദിക്കണം. ഇക്കാലയളവിനുള്ളിൽ കലൂർ - കടവന്ത്ര റോഡിന്റെ ശോച്യാവസ്ഥ പൂർണ്ണമായും പരിഹരിക്കാനാവും.
അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയത്
നഗരത്തിലെ രാജാജി റോഡും ചിറ്റൂർ റോഡും ചേരുന്ന ഭാഗത്ത് റോഡ് വെട്ടിക്കുഴിച്ചു. കേരള വാട്ടർ അതോറിറ്റി അധികൃതരാണ് റോഡ് വെട്ടിപ്പൊളിച്ചത്.
നിർദ്ദേശം
അമിക്കസ് ക്യൂറി ഇതു സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടാക്കി സമർപ്പിക്കണം. വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളുടെ സ്ഥിതിയും പരിശോധിക്കണം. ഇക്കാര്യങ്ങളടക്കം റിപ്പോർട്ടാക്കി സമർപ്പിക്കണം.