മൂവാറ്റുപുഴ: ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ജീവനി പദ്ധതിയുടെ ഭാഗമായി നിറക്കാഴ്ച 2020 നടത്തി. ജീവനി സന്ദേശം പകർന്ന് കൊണ്ട് നഗരത്തിൽ നടന്ന കർഷക ഘോഷയാത്രയെ തുടർന്നു മൂവാറ്റുപുഴ കെ.എം. ജോർജ് മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന പൊതുസമ്മേളനം എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കർഷകർക്ക് നൽകിയ ജീവനി പച്ചക്കറി തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ ജീവനി സന്ദേശം നൽകി. ജനപ്രതിനിധികൾക്കുളള പോഷക തോട്ടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ടിന് നൽകി കൊണ്ട് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ക്യഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.