തൃക്കാക്കര : റവന്യൂ വകുപ്പിലെ ജീവനക്കാർ പണിമുടക്കുന്നതിനാൽ നാളെ റവന്യൂ ആഫീസുകൾ അടഞ്ഞ് കിടക്കും. കളക്ടറേറ്റും , രണ്ട് റവന്യൂ ഡിവിഷണൽ ആഫീസുകളും ഏഴ് താലൂക്കാഫീസുകളും, 121 വില്ലേജ്ഓഫീസുകളും ഉൾപ്പടെ 157 ഓഫീസുകളാണ് റവന്യൂ വകുപ്പിൽഉള്ളത്. കൂടാതെ സർവ്വെ , പി.ആർ.ഡിതുടങ്ങി​ 15 ആഫീസുകളിലും റവന്യൂ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ആഫീസ് സംവിധാനം ഏർപ്പെടുത്തുക, 50ശതമാനം വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ വില്ലേജ് അസിസ്റ്റന്റായി അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർമാരുടെ പദവി ഉയർത്തി സർക്കാർ ഉത്തരവായ ശമ്പളം അനുവദിക്കുക, വി. എഫ് എ./ഓഫീസ് അറ്റൻഡന്റ് പ്രൊമോഷൻ ക്വോട്ട 15:10 ശതമാനമായി ഉയർത്തുക, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക, സ്പെഷ്യൽ ആഫീസുകളിൽ ജോലി ചെയ്യുന്ന റവന്യൂ ജീവനക്കാർക്ക് തുടർച്ചാനുമതിയില്ലെന്ന പേരിൽ ശമ്പളം നിഷേധിക്കുന്ന നടപടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് .