കുറുപ്പംപടി: ജില്ലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ലഭിച്ച രായമംഗലം പഞ്ചായത്തിലെ ആളോത്തുമാലി പാടം റോഡ് റീ ടാറിഗ് ടെൻഡർ നടപടി പൂർത്തിയായതിന് പിന്നാലെ റോഡിലെ മണ്ണ് സാമൂഹ്യവിരുദ്ധർ അടിച്ചുമാറ്റി വില്പന നടത്തി. 250 ഓളം മീറ്റർ ദൂരത്തിൽ റീ ടാർ ചെയ്യാൻ ടെൻഡർ നടപടികൾ പൂർത്തിയായതിനിടെ 150 മീറ്ററോളം ടാർ റോഡ് കുത്തിപ്പൊളിച്ച് നിയമ വിരുദ്ധമായും, അനധികൃതമായും മണ്ണ് നീക്കം ചെയുകയും ചെയ്തു. ഏകദേശം 150 മീറ്റർ നീളത്തിലും,3 മീറ്റർ ഉയരത്തിലും നിന്ന മണ്ണാണ് കടത്തികൊണ്ടുപോയിട്ടുള്ളത്. മണ്ണ് ഖനനം ചെയ്ത് കടത്തിയതിനുപിന്നിൽ സമീപത്തെ സ്ഥപനമുടമകൾക്ക് പങ്കുള്ളതായാണ് സമീപവാസികൾ പറയുന്നത്.
ആർ.ഡി.ഒയ്ക്ക് പരാതി നൽകി
നിയമാനുസൃതമല്ലാത്ത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മൂവറ്റുപുഴ ആർ.ഡി.ഒ ക്ക് സമീപവാസി പരാതി നൽകിയെങ്കിലും, മണ്ണെടുത്ത ഭാഗം കരിങ്കല്ലുപയോഗിച്ച് കെട്ടിതരാമെന്ന ധാരണയിൽ പിൻവാങ്ങുകയായിരുന്നു.സമീപത്തെ സ്ഥാപനമുടമകളാണ് ഇതിനായി രംഗത്തുവന്നത്. സ്ഥപനമുടമകളിൽ ചിലരുടെ സ്ഥാപനമുറ്റത്ത് ഖനനം ചെയ്തു മണ്ണ് കൂട്ടിയിരുന്നെങ്കിലും ഇപ്പോൾ അത് കാണാനില്ല.
എസ്റ്റിമേറ്റിൽ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല
റോഡിന്റെ റീ ടാറിംഗുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾക്ക് മുന്നോടിയായി രേഖപ്പെടുത്തിയ എസ്റ്റിമേറ്റിൽ റോഡിലെ മണ്ണ് നീക്കം ചെയ്യുന്ന കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഇതേതുടർന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഈ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച സാങ്കേതിക അനുമതിയിലും,ഭരണാനുമതിയിലും റോഡിലെ മണ്ണ് നീക്കം ചെയ്യുന്നതിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായില്ലെന്നതാണ് വസ്തുത.