കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റി. ഡിവിഷൻ 54ൽ കാരണക്കോടം തോട് ചെലവന്നൂർ കായലിൽ പതിക്കുന്ന ഭാഗത്തെ അനധികൃത സ്ലാബുകൾ, നടപ്പാലങ്ങൾ തുടങ്ങിയ കൈയേറ്റങ്ങളാണ് പൊളിച്ചു നീക്കിയത്.
ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ എച്ച്. ടൈറ്റസ്, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ സി. സുജാത, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സീന, അസി. എൻജിനീയർ റെജി തോമസ് എന്നിവർ അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. കാരണക്കോടം തോടിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സുഭാഷ് ചന്ദ്രബോസ് റോഡിന് സമീപമുള്ള മത്സ്യഫെഡിന്റെയും എം.പി.ഐയുടെയും ഔട്ട്‌ലെറ്റുകൾ ചെലവന്നൂർ കായലിന് സമീപമുള്ള പെട്ടിയും പറയും എന്നിവ നീക്കം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. കാരണക്കോടം തോടിനെ വീണ്ടെടുക്കുന്ന പ്രവൃത്തികൾക്ക് 4.49 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.