പറവൂർ : വാട്ടർ അതോറിറ്റി കരാറുകാർ തകരാറിലായ ലൈൻവർക്കുകൾ ഏറ്റെടുത്ത് നടത്താത്തതിനാൽ പറവൂരിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. പറവൂരിലും സമീപ പ്രദേശങ്ങളിലും പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴായിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞദിവസം രാത്രിയിൽ പറവൂർ നഗരത്തിൽ തെക്കെ നാലുവഴിയിൽ ഏഴിക്കര, കോട്ടുവളളി പ്രദേശങ്ങളിലേക്കുള്ള മെയിൻ പൈപ്പ് പൊട്ടിയതോടെ പറവൂർ നഗരത്തിന്റെ തെക്കൻഭാഗങ്ങളിലും കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലഞ്ഞു. പൈപ്പ് പൊട്ടിയതിനാൽ വാട്ടർഅതോറിറ്റി പമ്പിംഗ് നിർത്തിയതോടെ മറ്റു മേഖലകളിലേക്കുകൂടി ശുദ്ധജലം കിട്ടാതായി.
പറവൂർ വാട്ടർ അതോറിറ്റിയുടെ കരാറുകാർക്ക് അറ്റകുറ്റപ്പണി നടത്തിയ വകയിൽ ലക്ഷങ്ങളാണ് കുടിശികയുള്ളത്. ഇതിനാലാണ് ഇവർ ജോലി ഏറ്റെടുക്കാതെയുള്ള പ്രതിഷേധം നടത്തുന്നത്.
# കരാറുകാർ സമരത്തിൽ
കെ ഡബ്ല്യു എ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ എറണാകുളം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് പറവൂരിലും കരാറുകാർ മെയിന്റൻസ് വർക്കുകൾ ഏറ്റെടുക്കാത്തതെന്ന് കരാറുകാരൻ കെ.എം. വേണു പറഞ്ഞു.