cbi

കൊച്ചി : പൊലീസിന്റെ പക്കൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കാണാതായ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോർജ് വട്ടുകുളം നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. സ്പെഷ്യൽ ആംഡ് ഫോഴ്സ് ബറ്റാലിയനിൽ നിന്ന് 25 റൈഫിളുകളും 12061 കാർട്രിഡ്ജുകളും കാണാതായെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നതായി ഹർജിയിൽ പറയുന്നു. ഇവ ദേശവിരുദ്ധ ശക്തികളുടെ കൈവശമെത്താൻ സാദ്ധ്യതയേറെയായതിനാൽ ദേശീയ ഏജൻസി അന്വേഷിക്കണം. സംഭവം ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.അന്വേഷണത്തിന് കാലതാമസമുണ്ടാവുന്നത് പ്രാഥമിക തെളിവുശേഖരണത്തെ പ്രതികൂലമായി ബാധിക്കും. നഷ്ടപ്പെട്ട ആയുധങ്ങളും തിരയും കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്നവർക്ക് ഉത്തരവാദിത്വം ചുമത്താനും നടപടി എടുത്തിട്ടില്ല. ഡമ്മി ബുള്ളറ്റുകൾ പകരം കൊണ്ടുവച്ച് സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമം. പൊലീസ് അസോസിയേഷനിലെയും ഐ.പി.എസ് അസോസിയേഷനിലെയും അമിതരാഷ്ട്രീയവും ഇതേത്തുടർന്ന് സേനയിലുള്ള അഴിമതിയുമാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. . പൊലീസിലെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പട്ടിക മുദ്ര വച്ച കവറിൽ നൽകാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുട്ടുണ്ട്.