വൈപ്പിൻ : മത്സ്യബന്ധന ഹാർബറുകളുടെ നിർമ്മാണത്തിന് കേന്ദ്രം ഒരു പൈസ ചെലവാക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യബന്ധന തുറമുഖ മാനേജ്‌മെന്റ് സൊസൈറ്റി പങ്കാളിത്ത വികസനത്തിന് മുനമ്പം മാതൃക എന്ന ഏകദിന ശില്പശാല മുനമ്പത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹാർബർ നിർമ്മാണത്തിന് നേരത്തെ 80 ശതമാനം തുകയും കേന്ദ്രമാണ് വഹിച്ചിരുന്നത്. അത് ചുരുങ്ങിച്ചുരുങ്ങി 40 ശതമാനത്തിൽ എത്തി. ഇപ്പോഴത്തെ സർക്കാരാകട്ടെ ഒരു പൈസയും ചെലവാക്കുന്നില്ല.ഹാർബർ വികസനവും സർക്കാർ തന്നെ നിർവഹിക്കണമെന്ന് മന്ത്രി പറഞ്ഞു. എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ഫിഷറീസ് ഡയറക്ടർ എസ് വെങ്കിടേസപതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി , പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ, ഫിഷറീസ് അഡിഷണൽ ഡയറക്ടർ ആർ. സന്ധ്യ, ജില്ലാ പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരൻ, പി വി ലൂയിസ് , സുനില ദയാലു , ജോമോൻ കെ ജോർജ്, എം പി സുനിൽ, മാജ ജോസ്, ജോയ്‌സ് വി തോമസ് , എം എസ് സാജു എന്നിവർ സംസാരിച്ചു.
മുനമ്പം ഫിഷിംഗ് ഹാർബറിൽ കേരള കോസ്റ്റൽ ഏരിയ ഡവലപ്പെമെന്റ്ര് കോർപ്പറേഷൻ മുഖേന പണികഴിപ്പിച്ച വനിതാവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സൊസൈറ്റി കോ ഓർഡിനേറ്ററായിരുന്ന എം.പി. സുധനെ മന്ത്രി പൊന്നാട അണിയിച്ചാദരിച്ചു.