കൊച്ചി : ആലപ്പുഴ ജില്ലയിലെ പെരുമ്പളം - പാണാവള്ളി പാലത്തിന്റെ ടെൻഡർ ഉൗരാളുങ്കൽ ലേബർ കരാർ സൊസൈറ്റിക്ക് നൽകുന്നത് ഹൈക്കോടതി സ്റ്റേചെയ്തു. ഉൗരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണ ടെൻഡർ നൽകുന്നതിനെതിരെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനി നൽകിയ അപ്പീൽ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
ടെൻഡറുകളിൽ ലേബർ കോൺട്രാക്ട് കോ ഒാപ്പറേറ്റീവ് സൊസൈറ്റികൾക്ക് മുൻഗണന നൽകുന്ന സർക്കാർ ഉത്തരവിനെതിരെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനി നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് പെരുമ്പളം പാലത്തിന്റെ കരാർ അനുവദിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് ഇതു നീക്കി. തുടർന്നാണ് കമ്പനി അപ്പീൽ നൽകിയത്. ഇതു പരിഗണിച്ച ഡിവിഷൻ ബെഞ്ച് സ്റ്റേ പുന:സ്ഥാപിക്കുകയായിരുന്നു. ടെൻഡറുകളിൽ കോ ഒാപ്പറേറ്റീവ് സൊസൈറ്റികൾക്ക് മുൻഗണന നൽകുന്നതടക്കമുള്ള വിഷയങ്ങൾ സിംഗിൾബെഞ്ച് വാദം കേട്ട് തീർപ്പാക്കാനും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
90.78 കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിച്ച പെരുമ്പളം പാലത്തിന് ഹർജിക്കാർ 95.20 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. ഉൗരാളുങ്കൽ സൊസൈറ്റി 97.13 കോടി രൂപ ക്വാട്ട് ചെയ്തു. കുറഞ്ഞതുക ക്വാട്ട് ചെയ്ത തങ്ങളെ ഒഴിവാക്കി ഉൗരാളുങ്കൽ സൊസൈറ്റിക്കു നൽകിയത് നിയമപരമല്ലെന്നാണ് ഹർജിക്കാരുടെ വാദം. കുറഞ്ഞതുക സ്വകാര്യ കമ്പനികൾ ക്വാട്ട് ചെയ്താലും ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് മുൻഗണന നൽകാമെന്ന 1997 നവംബർ 13 ലെ ഉത്തരവനുസരിച്ചാണ് ഉൗരാളുങ്കലിന് ടെൻഡർ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. 2014 ൽ സൊസൈറ്റികളിൽ ഉൗരാളുങ്കലിനെ സർക്കാർ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്തരം നടപടികൾ സ്വേച്ഛാപരമാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.