നെടുമ്പാശേരി: ശുചിത്വമുള്ള ഭക്ഷ്യ വസ്തുക്കൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ആരോഗ്യ മേഖലയിൽ സർക്കാർ നിർദ്ദേശാനുസരണം ഫുഡ് സേഫ്ടി ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന പദ്ധതികളെ വ്യാപാരി സമൂഹം പിന്തുണക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു.
വ്യാപാരികൾക്ക് ഫുഡ്സേഫ്റ്റി ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഫോസ്റ്റാക് ട്രെയിനിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം നെടുമ്പാശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രേഡിംഗ് നൽകാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. . ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റുള്ള ജീവനക്കാർ സ്ഥാപനത്തിൽ ഉണ്ടാകണം എന്ന നിയമം നിർബന്ധമാക്കിയതോടെയാണ് പരിശീലന ക്ലാസുകൾ ആരംഭിക്കുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി തയ്യാറായത്. ഒരു സ്ഥാപനത്തിൽ കുറഞ്ഞത് ഒരാളും, 25ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഓരോ 25 ജീവനക്കാർക്ക് പരിശീലനം ലഭിച്ച സൂപ്പർവൈസറും ഉണ്ടായിരിക്കണം. ജില്ലയിലെ പതിനാല് മേഖലകളിലും നടത്തുന്ന ഫോസ്റ്റാക് ട്രെയിനിങ് മാർച്ച് പതിനഞ്ചിനുള്ളിൽ പൂർത്തീകരിക്കും. സമ്പൂർണ്ണ ഫോസ്റ്റാക് ട്രെയിനിങ് നേടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി എറണാകുളം മാറുമെന്ന് പി.സി. ജേക്കബ് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.സി. ഷാജൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, വി.എ. ഖാലിദ്, ടി.എസ്. മുരളി , ടി.എസ്. ബാലചന്ദ്രൻ, സുബൈദ നാസർ എന്നിവർ പ്രസംഗിച്ചു.