കൊച്ചി: കൊറോണ വൈറസ് ബാധയെക്കുറിച്ച് ആളുകൾക്കുള്ള സംശയങ്ങൾ തീരുന്നില്ല. ഇന്നലെയും ജില്ലയിലെ കൺട്രോൾ റൂമിലേക്ക് 19 കാളുകളെത്തി. ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ നാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട രീതികളെക്കുറിച്ചായിരുന്നു ചിലരുടെ സംശയങ്ങൾ. രക്ഷകർത്താക്കൾ നിരീക്ഷണത്തിലായതിനാൽ കുട്ടികളെ സ്‌കൂളിൽ വിടാമോ, നിരീക്ഷണ കാലാവധി എത്ര എന്നൊക്കെ ചോദിച്ചുള്ളതായിരുന്നു മറ്റു ചില വിളികൾ. അതേസമയം, കൺട്രോൾ റൂമിന്റെ സേവനങ്ങൾ ഇനി മുതൽ 0484-2368802 എന്ന നമ്പറിൽ മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. .
ഐസൊലേഷൻ വാർഡ് ശൂന്യം
കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിലവിൽ ആരുമില്ല. എന്നാൽ, കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 9 പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ കഴിയാൻ ആവശ്യപെട്ടിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 14 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. 323 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 2 സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പറവൂർ നഗരസഭയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.