വൈപ്പിൻ : വസ്തുവിൽ കാർഷിക ജോലി നടത്തിയെന്ന പേരു പറഞ്ഞ് ഭൂവുടമയിൽ നിന്നും 27 ലക്ഷത്തോളം കവർന്ന വയനാട് സ്വദേശിയായ യുവാവിനെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് ബാവലിയിൽ പാൽ വെളിച്ചംകര കുറ്റിച്ചിറ വീട്ടിൽ ഭാർഗവൻറെ മകൻ ബിനീഷാണ് ( 41 ) അറസ്റ്റിലായത്. ഭൂവുടമയായ ഞാറക്കൽ പെരുമ്പള്ളി കണ്ണപ്പശ്ശേരി വേലായുധൻറെ മകൻ മണിലാൽ ഞാറക്കൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദേശ ത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പൊലീസ് പ്രതിയെ വയനാട് കാട്ടിക്കുളത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹർജിക്കാരനായ ഭൂവുടമ കന്നുകാലി ഫാം തുടങ്ങാനുംഒരു വർഷം മുൻപ് വയനാട് വാങ്ങിയ ഭൂമിയിലെ പണികൾ നടത്താനും സൂക്ഷിപ്പിനും ബിനീഷിനെയാണ് ഏൽപ്പിച്ചിരുന്നത്. ഒരു വർഷത്തിനിടയിൽ വിവിധ പണികൾ നടത്താനായി ഭൂവുടമ പെരുമ്പള്ളിയിലെ സ്റ്റേറ്റ് ബാങ്ക് വഴിയും , നേരിട്ടും2702000 രൂപ ബിനീഷിനു നല്കിയിരുന്നു. ഇതിന് ഇയാൾ 189740 രൂപയുടെ പണികൾ നടത്തിയതായി കണക്കുകൾ നല്കി. എന്നാൽ സ്ഥലത്ത് ചെന്ന് നോക്കിയ ഭൂവുടമക്ക് ഇത് ബോദ്ധ്യപ്പെട്ടില്ല. താൻ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ ഭൂവുടമ പണം തിരികെ ചോദിച്ചപ്പോൾ എതിർ കക്ഷി ഗുണ്ടായിസം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഞാറക്കൽ സി ഐ പി കെ മുരളി , എസ് ഐ വി എസ് സൗമ്യൻ , എ എസ് ഐ ഷഹീർ, സി പി ഒ മിറാഷ് എന്നിവരാണ് ഉണ്ടായിരുന്നു.