roji-m-john-mla
ആലുവ താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലക്ക് റോജി ജോൺ എം.എൽ.എ പുരസ്കാരം സമ്മാനിക്കുന്നു

ആലുവ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ 2019ലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയ്ക്ക് റോജി എം. ജോൺ എം.എൽ.എ സമ്മാനിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, പ്രസിഡന്റ് എം.കെ. അബ്ദുള്ളാക്കുട്ടി, സംസ്ഥാന കൗൺസിൽ അംഗം ടി.പി. വേലായുധൻ, കെ. രവിക്കുട്ടൻ, പി. തമ്പാൻ, കെ.എ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ഇ.എം.എസ് സ്മാരക ഗ്രന്ഥശാല ഭാരവാഹികളായ കെ.പി. ശിവകുമാർ, രതീഷ് വി. നായർ, ബി. ഹരികുമാർ, എസ്.എസ്. മനോജ് തുടങ്ങിയവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

രണ്ടായിരത്തിൽ ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചശേഷം ആദ്യമായാണ് ഇ.എം.എസ് ഗ്രന്ഥശാലയ്ക്ക് മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം ലഭിക്കുന്നത്. ഏറെ പിന്നാക്കം നിൽക്കുന്ന ഗ്രാമീണ പശ്ചാത്തല മേഖലയിലുള്ള ഗ്രന്ഥശാല, പുസ്തക വിതരണം എന്ന പരിമിതദൗത്യത്തിൽ നിന്ന് സാമൂഹ്യ, സാംസ്കാരിക സേവന മേഖലകളിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ച് നിരവധി ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചാണ് താലൂക്ക് കൗൺസിലിന്റെ അംഗീകാരം നേടിയത്.