ആലുവ: ജന്മനാ പൂർണമായും കാഴ്ചയില്ലാത്ത 11 വയസുകാരൻ ആർ. മനോജ് ഇന്ന് പെരിയാറിന് കുറുകെ നീന്തും. രാവിലെ 7.30ന് ആലുവ അദ്വൈതാശ്രമം കടവിൽ നിന്ന് ശിവരാത്രി മണപ്പുറത്തേക്ക് നീന്തിക്കടക്കുന്നത്.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഫ്ളാഗ് ഓഫ് ചെയ്യും. മനോജ് പഠിക്കുന്ന ആലുവ സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ മാനേജർ വർഗീസ് അലക്‌സാണ്ടറും ഹെഡ്മിസ്ട്രസ് ജിജി വർഗീസും മറ്റ് അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ശിവരാത്രി മണപ്പുറത്ത് സ്വീകരിക്കാനെത്തും. 11 വർഷമായി ആലുവ ശിവരാത്രി മണപ്പുറത്ത് പ്രായഭേദമന്യേ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശേരിയിലാണ് മനോജിനെ ഈ വെല്ലുവിളിക്ക് പ്രാപ്തനാക്കിയത്. 3000 പേരെ സജി സൗജന്യമായി നീന്തൽ പരിശീലിപ്പിച്ചിട്ടുണ്ട്.മനോജിനെ 30 ദിവസത്തെ പരിശീലനം നൽകിയാണ് പുഴ നീന്തികടക്കാൻ സജ്ജമാക്കിയതെന്ന് സജി പറഞ്ഞു.
ആലുവ സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മനോജ് പാലക്കാട് പുതുക്കോട് സ്വദേശികളായ രമേശിന്റെയും സുധയുടെയും രണ്ടാമത്തെ മകനാണ്. മനോജിന്റെ പഠനവുമായി ബന്ധപ്പെട്ട് കുടുംബ സമേതം ഇപ്പോൾ ആലുവ കീഴ്മാടാണ് താമസിക്കുന്നത്. സംസ്ഥാന സ്‌പെഷൽ സ്‌കൂൾ യുവജനോത്സത്തിലും പ്രവൃത്തി പരിചയമേളകളിലും ക്വിസ് മത്സരങ്ങളിലും പ്രസംഗ മത്സരങ്ങളിലും മനോജ് ഒന്നാം സ്ഥാനം കരസ്ഥമായിട്ടുണ്ട്.