mdma
പ്രതികൾ ഇടത്തു നിന്നും ബിനു പൗലോസ് , മുഷ്താഖ്, അനൂപ് ചന്ദ്രൻ , മുഖ്യ പ്രതി അനസ് എന്നിവർ

മുളന്തുരുത്തി : നവമാദ്ധ്യമങ്ങൾ മറയാക്കി മയക്കുമരുന്ന് വില്പന, എം.ഡി.എം.എ മയക്കുമരുന്ന് വില്പന ശൃംഖലയിൽപ്പെട്ട നാലുപേരെ കൂടി മുളന്തുരുത്തി പൊലീസ് അറസ്റ്റുചെയ്തു. എടയ്ക്കാട്ടുവയലിൽ മൃഗാശുപത്രി ക്വാർട്ടേഴ്‌സിൽ നിന്നു 20 ഗ്രാം എം.ഡി.എം.എ യുമായി ഞായറാഴ്ച പട്ടിമറ്റം കുമ്മനോട് ഭണ്ഡാരക്കവല പാറേക്കാടൻ പി.ഇ അനസിനെ (30) പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിമറ്റം കുമ്മനോട് തുരുത്തുമാരിൽ ബിനു പൗലോസ് (34), ആലുവ തായ്ക്കാട്ടുകര കുന്നത്തേരി മീന്തരക്കൽ മുഹമ്മദ് മുഷ്താക് (22), കുമ്മനോട് നെടുവേലിൽ അനൂപ് ചന്ദ്രൻ (20), വെങ്ങോല പനയഞ്ചേരിൽ ദിലീപ്കുമാർ (34) എന്നിവർ പിടിലായത്. കോടതിയിൽ ഹാജരാക്കിയ അഞ്ചുപേരെയും റിമാൻഡ് ചെയ്തു.

അനസിന്റെ ഭാര്യ എടയ്ക്കാട്ടുവയൽ മൃഗാശുപത്രിയിലെ ലൈവ് സ്​റ്റോക്ക് ഇൻസ്‌പെക്ടറാണ്. ഇവരുടെ ക്വാർട്ടേഴ്സിൽ നിന്നാണ് കഴിഞ്ഞദിവസം ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ കണ്ടെടുത്തത്. സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതിനടിയിൽ ഇരുപത് പൊതികളിലാക്കിയായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. എസ്‌.ഐക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.

പൊലീസ് പറയുന്നത്: അന്താരാഷ്ട്ര മാർക്ക​റ്റിൽ കിലോഗ്രാമിനു 5 കോടിയിലേറെ വിലവരുന്ന എം.ഡി.എം.എ ബംഗളൂരുവിൽ നിന്നാണ് അനസിന് ലഭിക്കുന്നത്. മുഷ്താക്കാണ് പ്രധാന ഏജന്റ്. ബംഗളൂരുവിലെ നൈജീരിയൻ സ്വദേശി വഴിയാണ് എം.ഡി.എം.എ സംഘടിപ്പിക്കുന്നത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കെത്തുന്ന ചില എയർ ബസുകളിലാണ് സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നത്. കേരളത്തിലെ ഒന്നിലധികം ഏജന്റുമാർക്ക് കാരിയറായി അനസ് പ്രവർത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഓരോ തവണ ബംഗളൂരുവിന് പോകുന്നതിന് മുമ്പായി ലക്ഷങ്ങളാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിരുന്നത്. ഒരു തവണ പോയി മയക്കു മരുന്നെത്തിക്കുമ്പോൾ 25000 രൂപയാണ് അനസിന്റെ പ്രതിഫലം. വില്പനക്കാർ ഇത് 50000 മുതൽ 75000 രൂപ വരെ ലാഭത്തിനാണ് വിൽക്കുന്നത്. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ നവ മാദ്ധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ചുവരികയാണ്.

മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനിൽകുമാർ, സി.ഐ സി.വി. ലൈജുമോൻ, എസ്.ഐ എം.പി. എബി, എ.എസ്.ഐമാരായ ജോമോൻ തോമസ്, പി.കെ. കൃഷ്ണകുമാർ, ബിജു സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.