ആലുവ: പറവൂർ കവലയിലുള്ള ഐറിസ് വില്ല ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന വെളിയത്തുനാട് ഇറച്ചിക്കട ഉടമ ഇബ്രാഹിമിനെ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി ആലുവ പൊലീസിന്റെ പിടിയിലായി.
പറവൂർ കെടാമംഗലം കല്ലറയ്ക്കൽ വീട്ടിൽ അക്ഷയ് പുരുഷോത്തമൻ (23), നോർത്ത് പറവൂർ കെടാമംഗലം മച്ചായത്ത്പറമ്പ് വരപ്പൻ എന്ന് വിളിക്കുന്ന വിപിൻ വാരിജാക്ഷൻ (27), കരുമാലൂർ മനയ്ക്കപ്പടി കരോട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് അജി (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത ദിവസം നാലുപേർ പിടിയിലായിരുന്നു. പെരുമ്പാവൂരിലെ ഗുണ്ടാത്തലവൻ അനസിന്റെ അനുയായികളാണ് പിടിയിലായവരെല്ലാമെന്ന് പൊലീസ് പറഞ്ഞു. ആഷിക്കിനെ എസ്.ഐ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും മറ്റ് രണ്ട് പേരെ സി.ഐ നവാസിന്റെ നേത്യത്വത്തിൽ പറവൂരിൽ നിന്നുമാണ് പിടികൂടിയത്.