പെരുമ്പാവൂർ: ഒരുവർഷം മുമ്പ് ഒക്കൽ പെട്രോൾ പമ്പിലെ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഒക്കൽ ഐ.ഒ.സി പമ്പിലെ ജോലിക്കാരനായിരുന്ന ആസാം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസിലാണ് ആസാം നൗഗോൺ ജില്ലാ അംബഗാൻ താലൂക്ക് മഹ്‌ബോർ അലി ഗ്രാമത്തിൽ പങ്കജ് മണ്ഡലിനെ (21)പെരുമ്പാവൂർ സി.ഐ പി.എ ഫൈസലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞവർഷം ഫെബ്രുവരി 20 നായിരുന്നു സംഭവം. പമ്പിൽ ജോലിക്കെത്തിയ ഇരുവർക്കും പമ്പുടമ പമ്പിന്റെ എതിർവശത്തുള്ള മൂന്നു നില കെട്ടിടത്തിൽ താമസസൗകര്യം ഒരുക്കിയിരുന്നു. ഇവർ തമ്മിൽ റൂമിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപതകത്തിനുശേഷം ഇയാൾ മുറിപൂട്ടി കടന്നുകളഞ്ഞു. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാലു ദിവസത്തിനു ശേഷം പൊലീസെത്തി മുറി തുറന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവസമയത്ത് ഇരുവർക്കും മൊബൈൽഫോൺ ഇല്ലാതിരുന്നതിനാൽ പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽനമ്പറുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും മൊബൈൽഫോണും സിം കാർഡും വില്പന നടത്തിയതിനാൽ കണ്ടെത്താനായില്ല. തന്റെ ചെറുപ്പത്തിലേ മാതാപിതാക്കൾ മരണമടഞ്ഞതിനാൽ പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത പ്രതി നാട്ടിൽ ആരുമായും അടുപ്പം സൂക്ഷിക്കുകയോ ബന്ധപ്പെടുകയോ നാട്ടിൽ പോവുകയോ ചെയ്തിരുന്നില്ല . അതിനിടെ 2 പ്രാവശ്യം ആസാമിലും ഒരു തവണ അരുണാചൽ പ്രദേശിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി കേരളം വിട്ടുപോയിരുന്നില്ല. കാസർകോട് മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒരു മാസം മുമ്പ് പെരുമ്പാവൂരിന് സമീപത്തുള്ള മാറമ്പിള്ളിയിൽ ജോലിക്കെത്തി. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അന്വേഷണത്തിന് എസ്.ഐ. ശശി, എ.എസ്.ഐ വിനോദ് എന്നിവർ നേതൃത്വം നൽകി.