കൊച്ചി: അജാത ശത്രുവായിരുന്നു പരമേശ്വർജിയെന്ന് നാഷണൽ മൊണ്യൂമെന്റ്‌സ് ചെയർമാനും മുൻ എം.പിയും പാഞ്ചജന്യ മുൻ എഡിറ്ററുമായ തരുൺ വിജയ് പറഞ്ഞു. അന്തരിച്ച പി. പരമേശ്വരന് കൊച്ചി പൗരാവലി നൽകിയ 'വന്ദേ പരമേശ്വരം' അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയെയും ഹിന്ദുത്വത്തെയും സ്വജീവിതത്തിലൂടെ പരമേശ്വർജി നിർവചിച്ചതായി തരുൺ വിവരിച്ചു.
ആദിശങ്കരന്റെയും നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും കാഴ്ചപ്പാടുകൾക്കൊപ്പിച്ച് പ്രവർത്തിച്ചും ജീവിച്ചും കാണിച്ച അജാത ശത്രുവായിരുന്നതിനാലാണ് വ്യത്യസ്ത കാഴ്ചപ്പാടും ദർശനവും പദ്ധതിയും ഉള്ളവർ അദ്ദേഹത്തെ അനുസ്മരിക്കാൻ ഒന്നിച്ചതെന്ന് തരുൺ പറഞ്ഞു.
തികഞ്ഞ ഭാരതീയനായിരുന്നു പരമേശ്വർജിയെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തികഞ്ഞ ആത്മീയവാദിയും സാത്വികനും താത്ത്വികനുമായിരുന്ന പരമേശ്വർജി വിശ്വസിച്ച ആദർശം സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ആവുന്നതെല്ലാം ചെയ്ത മാതൃകയായിരുന്നുവെന്ന് കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസ് അനുസ്മരിച്ചു. കുരുക്ഷേത്ര പ്രകാശൻ സംഘടിപ്പിച്ച പരിപാടിയിൽ സ്വാമി വിവിക്താനന്ദ (ചിന്മയ മിഷൻ), സ്വാമി തുരീയാമൃതാനന്ദപുരി (അമൃതാനന്ദമയീ മഠം), സ്വാമി ശിവ സ്വരൂപാനന്ദ (അദ്വൈതാശ്രമം), സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), ആചാര്യ എം.കെ. കുഞ്ഞോൽ, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, പ്രമുഖ അഭിഭാഷകരായ അഡ്വ.കെ. രാംകുമാർ, അഡ്വ. കെ. ഗോവിന്ദ് ഭരതൻ, പ്രൊഫ. എം.കെ. സാനു, പി.എസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുതിർന്ന പത്രപ്രവർത്തകൻ പി. രാജൻ, വിവേകാനന്ദ കേന്ദ്ര വേദിക് മിഷൻ ഡയറക്ടർ ഡോ.എം. ലക്ഷ്മി കുമാരി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, പി.ടി. തോമസ് എം.എൽ.എ, ഭാരതീയ വിചാരകേന്ദ്രം മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.ആർ. സോമശേഖരൻ, ആർ.എസ്.എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോൻ തുടങ്ങിയവർ അനുസ്മരിച്ചു. കുരുക്ഷേത്ര എം.ഡി സി.കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.