ആലുവ: കാഴ്ചയില്ലാത്ത പതിനൊന്നുകാരൻ ആർ. മനോജ് പെരിയാർ നീന്തിക്കടന്നു. ആലുവ അദ്വൈതാശ്രമം കടവിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനനന്ദ ഫ്‌ളാഗ് ഒഫ് ചെയ്തു. 8.10ന് ആശ്രമംകടവിൽ നിന്നുനീന്തിയ മനോജ് 30 മിനിറ്റ് കൊണ്ട് മണപ്പുറം കടവിലെത്തി. മനോജിനെ കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് മാനേജർ വർഗീസ് അലക്‌സാണ്ടർ, ഹെഡ്മിസ്ട്രസ് ജിജി വർഗീസ്, പി.ടി. എ പ്രസിഡന്റ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.
11 വർഷമായി കുട്ടികളും മുതിർന്നവരുമായി 3200 പേർക്ക് പെരിയാറിൽ നീന്തൽ പരിശീലനം നൽകിയ സജി വാളാശേരിയാണ് മനോജിന്റെ നേട്ടത്തിന് പിന്നിൽ. 775 പേർ പെരിയാർകുറുകെ നീന്തിക്കടന്നു. ജന്മനാ നട്ടെല്ലിനു വൈകല്യമുള്ള ഏഴുവയസ്സുകാരി കൃഷ്ണ എസ്. കമ്മത്ത്, ഇരുകണ്ണിനും കാഴ്ചയില്ലാത്ത 12 വയസുകാരൻ നവനീത്, ജന്മനാ വലതുകൈക്ക് സ്വാധീനമില്ലാത്ത ടി.എൻ. രാധാകൃഷ്ണൻ, മൂന്നരവയസിൽ പൊളിയോ ബാധിച്ച് വലതുകാലിന് സ്വാധീനം നഷ്ടപ്പെട്ട റോജി ജോസഫ്, ബധിരയും മൂകയുമായ 13 കാരി ആദിത്ത, എൽ.കെ.ജി വിദ്യാർത്ഥിനി നിവേദിത എന്നിവർ ഇതിൽ ഉൾപ്പെടുന്നു.