കൊച്ചി: ജാതി രേഖപ്പെടുത്താൻ തയ്യാറാകുന്നില്ലെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന സെൻസസ് പിന്നാക്കവിഭാഗക്കാർ ബഹിഷ്കരിക്കാൻ നിർബന്ധിതരാകുമെന്ന് പിന്നാക്കവികസന വകുപ്പ് മുൻ ഡയറക്‌ടർ വി.ആർ. ജോഷി പറഞ്ഞു.
സംവരണവും ക്രീമിലെയർ മാനദണ്ഡങ്ങളും എന്ന വിഷയത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിൽ പത്തു ശതമാനം സംവരണമാണ് മുന്നാക്ക സമുദായങ്ങൾക്ക് നൽകിയത്. സംസ്ഥാനത്ത് ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമുള്ള മുന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം നൽകിയത് അനീതിയാണ്. സാമൂഹ്യനീതിക്ക് വിരുദ്ധവുമാണ്. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ വില്ലേജ് ഓഫീസർമാരിലെ ചിലരുടെ അറിവില്ലായ്മ നേരിടാൻ റവന്യൂ വകുപ്പ് കൃത്യമായ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വിജയൻ പടമുഗൾ സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രതീഷ് ജെ. ബാബു, പ്രസിഡന്റ് സജീവ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വി.എം. മധു, എൽ. സന്തോഷ്, ഉണ്ണി കാക്കനാട്, കെ.കെ. നാരായണൻ, കെ.കെ. പീതാംബരൻ, ദിലീപ് രാജ്, എം.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു.