കൊച്ചി: റാമ്പിൽ ഹരം പകരുന്ന ഹിപ് ഹോപ് റാപ് മ്യൂസിക് താരമാകാൻ മെട്രോ നഗരമായ കൊച്ചി നിവാസികൾക്കും അവസരം. പാട്ടുകൾ എഴുതി സംഗീതം നൽകി അവതരിപ്പിക്കാൻ തയ്യാറെങ്കിൽ ഒരു കൈ നോക്കാം. വിജയിച്ചാൽ മ്യൂസിക് ആൽബം ചിത്രീകരിച്ച് പുറത്തിറക്കാൻ അവസരവും ലഭിക്കും.
രാജ്യത്തെ മികച്ച ഹിപ് ഹോപ് റാപ് മ്യൂസിക് താരത്തെ കണ്ടെത്തുന്ന മത്സരത്തിന് കൊച്ചിയും വേദിയാകും. റെഡ്ബുൾ സ്‌പോട്‌ലൈറ്റ് മത്സരത്തിന്റെ മൂന്നാം സീസണിലെ യോഗ്യതാ മത്സരങ്ങളാണ് ജയ്‌പൂർ, മുംബയ്, നോയിഡ, ചെന്നൈ, ഗോഹട്ടി, ഹൈദരാബാദ്, ഇൻഡോർ, പൂനെ, ചണ്ഡീഗഡ് എന്നീ നഗരങ്ങൾക്കൊപ്പം കൊച്ചിയിലും നടക്കുക. മത്സരങ്ങൾ ഫെബ്രുവരി 23 കലൂരിൽ ആരംഭിക്കും.
സ്ട്രീറ്റ് അക്കാഡമിക്‌സ് ആണ് മത്സരം വിലയിരുത്തുക. സിറ്റി റൗണ്ടുകളിലെ വിജയികൾ ദേശീയ ഫൈനലിൽ മാറ്റുരയ്ക്കും. വിജയിക്ക് പൂർണസമയ ആൽബം പ്രൊഫഷണൽ സ്റ്റുഡിയോയിൽ റെക്കാർഡ് ചെയ്യുന്നതിന് അവസരം ലഭിക്കും.
ഫോട്ടോ ഷൂട്ടും ആൽബം ആർട്ടും അടങ്ങിയ കിറ്റ്, മ്യൂസിക് വീഡിയോ എന്നിവയും സമ്മാനമായി ലഭിക്കും. ഓരോ നഗരത്തിലെയും വിജയികൾക്ക് ഒരു ഗാനം വീഡിയോ സഹിതം റെക്കാർഡു ചെയ്യാൻ അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
2019 ൽ മുംബയിൽ നടന്ന മത്സരത്തിൽ വാർ ബോയ് ദേവ് എം ആണ് വിജയിച്ചത്. സീദിമൗഡ്, സ്വദേശി, ഡോപ് അഡ് എലിക്‌സ് എന്നിവർ ഉൾപ്പെട്ട റാപ് ഗ്രൂപ്പുകളായിരുന്നു വിധികർത്താക്കൾ.
വിജയികളുടെ ഔട്ട് ഒഫ് ദ ബ്ലൂ എന്ന ആൽബം പുറത്തിറങ്ങിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.redbull.in/spotlight