 
വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. എടവനക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
എടവനക്കാട് അണിയൽ മാർക്കറ്റിൽ പണി തീർത്തിട്ടുള്ള കുടിവെള്ള ടാങ്ക് നോക്കുകുത്തിയായി മാറിയിട്ട് മാസങ്ങളായി. ടാങ്ക് സ്ഥിതി ചെയ്യുന്ന പരിസരത്തു പോലും കുടിവെള്ളം ലഭിക്കുന്നില്ല. ശാസ്ത്രീയമല്ലാതെയാണ് നിർമ്മാണം. പൈപ്പ്‌ലൈനുകളിലെ ചോർച്ച മാറ്റിയും, വാൽവുകൾ പുന:ക്രമീകരിച്ചും ഇത് പരിഹരിക്കാമെന്നിരിക്കെ ശാസ്ത്രീയമായി ഇതിനെക്കുറിച്ച് അറിവില്ലാത്ത കോൺട്രാക്ടർമാരെയാണ് വാൽവുകൾ ക്രമീകരിക്കാൻചുമതലപ്പെടുത്തുന്നത്. അറിവുള്ള ഉദ്യോഗസ്ഥരെ ഇതിനായി നിയമിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.എസ്. സോളിരാജ് ആവശ്യപ്പെട്ടു.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഇന്ന് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തേണ്ടതായിരുന്നു.
ശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ നടത്തി ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം പിൻവലിച്ചു.
സമരത്തിന് വി.എസ്. സോളിരാജ്, വി.കെ. ഇക്ബാൽ, എ.കെ. സരസൻ, ടി.എ. ജോസഫ്, പി.എച്ച്. അബൂബക്കർ, പി.ജെ. അന്നം, ആനന്ദവല്ലി ചെല്ലപ്പൻ, ഷിബാനോ ബൈജു, അസീന അബ്ദുൾ സലാം, ട്രീസ ക്ലീറ്റസ്, സി.എം. സലാം, പി.ബി. ഇബ്രാംഹിം സുധീർ, നിഷ മോഹൻ എന്നിവർ പങ്കെടുത്തു.