കൊച്ചി: നാലു വർഷം മുൻപ് തുടങ്ങിയ ഫ്രൂട്ട്ഫുൾ ഫ്യൂച്ചർ ഒരു സംഘടനയല്ല. നാടൻ ഫലവൃഷങ്ങളുടെ വിത്ത് ശേഖരിച്ച് വളർത്തുക ലക്ഷ്യമുള്ള ശ്രമം മാത്രം.
വൈപ്പിൻ എടവനക്കാട് സ്വദേശിയായ മനോജ് കുമാർ ഐ.ബി എന്ന ഇലക്ട്രിക്കൽ എൻജിനീയറുടെ ജീവിത ദൗത്യം എന്നും പറയാം. ആവശ്യക്കാർക്ക് വിവിധ ഫലവൃക്ഷങ്ങൾ ശാസ്ത്രീയമായി നട്ടുനൽകിയും വളർത്തിയും കൊടുക്കും മനോജ്. ഫലവൃക്ഷസമൃദ്ധമായ നാടാണ് സ്വപ്നം.
ഒന്നരവർഷമായി ജോലി ഉപേക്ഷിച്ച് മണ്ണിനെ അറിയാൻ മനോജ് ഇറങ്ങിയിട്ട്. ഒന്നര ഏക്കർ വീട്ടുവളപ്പ് മരങ്ങളാലും ചെറുചെടികളാലും സസ്യങ്ങളാലും നിറഞ്ഞു. വീട്ടുമുറ്റത്ത് പൊഴിയുന്ന ഇലപോലും എടുത്തുമാറ്റാറില്ല.
സ്വന്തമായി വൃക്ഷത്തൈകളുടെ നഴ്സറി നമ്മുടെ വീട്ടിലൊരുക്കാം എന്ന ഏകദിന പരിശീലനം കുട്ടികൾക്കായി ശനി, ഞായർ ദിവസങ്ങളിൽ നടത്തിവരുന്നുണ്ട്.
പല ഇടങ്ങളിൽ നിന്നായി ശേഖരിക്കുന്ന വിത്തിനങ്ങൾ മനോജ് വീട്ടിൽ കൊണ്ട് വന്ന് മുളപ്പിച്ച് ആവശ്യക്കാർക്ക് വെറുതെ നൽകുകയാണ്. ഇവരിൽ കുട്ടികൾ മുതൽ ടെക്കികൾ വരെയുണ്ട്. 61 സെന്റിൽ അടുത്ത ജൂണോടെ ചെറു വനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മനോജ്. വലിച്ചെറിയുന്ന വിത്തുകൾ ശേഖരിച്ച് നൽകാൻ തയ്യാറുണ്ടോ.... വൃക്ഷങ്ങൾ നടുവാൻ ഒരുക്കമാണോ... ഇതാണ് മനോജിന്റെ നമ്പർ: 9847446918
കൃഷി പഠിക്കാൻ നാടൻ കൃഷിക്കാരെയും ആദിവാസികളെയും കാണുകയാണ് വേണ്ടത്. കുട്ടികൾ പ്രകൃതിയെ പഠിക്കേണ്ടത് ക്ലാസ് മുറികളിൽ നിന്നല്ല. മണ്ണിനെ അറിയണമെങ്കിൽ മണ്ണിലിറങ്ങണം. നമ്മുക്ക് കഴിയുന്ന തരത്തിലുള്ള ചെടികൾ വച്ച് പിടിപ്പിക്കുക.പ്രകൃതിയെ സംരക്ഷിക്കുക.
മനോജ് കുമാർ ഐ.ബി