കൊച്ചി: കടുക്കുന്ന വേനലിലെ കൊടുംചൂടിൽ കാട് കത്തുന്നത് ഒഴിവാക്കാൻ പ്രകൃതിസ്നേഹികളുടെ പിന്തുണയോടെ കണ്ണും കാതും തുറന്നുവച്ച് പ്രവർത്തിക്കാൻ വനംവകുപ്പ് ഒരുങ്ങി. വേനൽക്കാലത്തെ പതിവ് മുൻകരുതലുകൾക്കൊപ്പം കാട്ടുതീ ഒഴിവാക്കുന്നതിന് കൂടുതൽ ജാഗ്രത പാലിക്കും.

തൃശൂർ കൊറ്റമ്പത്തൂരിലെയും നേര്യമംഗലം കാഞ്ഞിരവേലി മലയിലെയും കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് അതീവജാഗ്രത. കാഞ്ഞിരവേലിയിൽ ദുരന്തമോ നഷ്ടമോ സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ. നേര്യമംഗലം പോലെ പുല്ലുകൾ നിറഞ്ഞ ഭാഗത്താണ് തീ ആരംഭിച്ചത്. വേനൽ കനക്കുന്ന മാർച്ചിൽ ഹൈറേഞ്ച് ഭാഗങ്ങളിൽ കാട്ടുതീ പടരാൻ സാദ്ധ്യതയേറെയാണെന്ന് അധികൃതർ പറഞ്ഞു.

# ജനപങ്കാളിത്തം പ്രധാനം

കൊറ്റമ്പത്തൂരിലും കാഞ്ഞിരവേലിയിലും കാട്ടുതീ തടയാൻ സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും സഹായം കാര്യമായി ലഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന വികസന സമിതികൾ, ആദിവാസികൾ എന്നിവരെയും ഒപ്പം നിറുത്തും.

# സ്വീകരിച്ച നടപടികൾ

കാട്ടുതീ തടയാൻ പ്ളാനുകൾ

തീപിടിച്ചാൽ കെടുത്താൻ പദ്ധതി

കൂടുതൽ വാച്ചർമാരെ നിയോഗിച്ചു

കൂടുതൽ വാച്ച് ടവറുകൾ സ്ഥാപിക്കും

ജീവനക്കാർക്ക് പരിശീലനം നൽകി

തീയെ നേരിടാൻ ഉപകരണങ്ങൾ

ആവശ്യമെങ്കിൽ കൂടുതൽ വാങ്ങും

പുല്ലുകളും അടിക്കാടും വെട്ടിത്തുടങ്ങി

മരങ്ങൾ വീണാൽ മുറിക്കാൻ സംവിധാനം

# പാറക്കെട്ട് മേഖല ഭീഷണി

കാട്ടുതീ ഏറ്റവുമധികം സംഭവിക്കുന്നത് പാറക്കെട്ടുകളിലെ പുല്ലുകളിലും കുറ്റിക്കാടുകളിലുമാണ്. ചെറിയൊരു തീപ്പൊരി തീ ആളിപ്പടർത്തും. വനങ്ങളിലേയ്ക്ക് തീ പടരുന്നതിനും കാരണമാകും. ഇത് കെടുത്തുക എളുപ്പമല്ല.

# യൂക്കാലിയും വിറ്റലുംആളിക്കത്തും

യൂക്കാലിപ്റ്റസ്, വിറ്റൽ എന്നീ തടികളിൽ തീ പിടിച്ചാൽ അണയ്ക്കാൻ വിഷമമാണ്. മരം മുഴുവനായി കത്തിത്തീരും. തീവ്രമായ ചൂടുണ്ടാകും. മൂന്നാർ, ദേവികുളം മേഖലയിലാണ് ഇതിന്റെ ഭീഷണിയേറെയും. ഇത്തരം സ്ഥലങ്ങളിൽ അതിർത്തിപ്രദേശത്തെ പുല്ലുകളും അടിക്കാടും വെട്ടിത്തെളിച്ചിട്ടുണ്ട്.

# കാഞ്ഞിരവേലിയിൽ സംഭവിച്ചത്

നേര്യമംഗലത്തെ കാഞ്ഞിരവേലിയിലാണ് ജില്ലയിൽ ഇക്കുറി ആദ്യം കാട്ടുതീ പടർന്നത്. പെരിയാറിന്റെ വലതുകരയിലാണ് തീ ആരംഭിച്ചത്. വ്യാഴാഴ്ച ഇഞ്ചപ്പതാലിൽ ആരംഭിച്ച തീ പുല്ലുകളിലൂടെയും കുറ്റിക്കാട്ടിലൂടെയും പടരുകയായിരുന്നു.

വനത്തിന്റെ അടിക്കാടും കത്തി. ഇരുൾ, തമ്പകം, വേങ്ങ, ഇല്ലി, കാനക്കൈത, കാനമടുക്ക തുടങ്ങിയവയ്ക്ക് കാര്യമായ നഷ്ടമില്ല. പത്ത് ഹെക്ടർ കത്തിയിട്ടുണ്ട്. മൂന്നു വർഷം മുമ്പും അവിടെ തീ പിടിച്ചിരുന്നു.

# ജനങ്ങൾ ഒപ്പം

പൊതുജനങ്ങളുടെ പങ്കാളിത്തം കാട്ടുതീ ഒഴിവാക്കാനും നേരിടാനും ലഭിക്കാറുണ്ട്. വനം വികസന സമിതി അംഗങ്ങൾക്ക് പരിശീലനവും നൽകാറുണ്ട്. തീ കണ്ടാൽ ജനങ്ങൾക്ക് അറിയിക്കാം. അപകട സാദ്ധ്യത ജനങ്ങളെ അറിയിക്കാനും സംവിധാനങ്ങൾ ഒരുക്കി.

ജോർജി പി. മാത്തച്ചൻ

വനം ചീഫ് കൺസർവേറ്റർ

ഹൈറേഞ്ച് ഡിവിഷൻ

# കൂട്ടായ ശ്രമം

നേര്യമംഗലത്തു നിന്നും അടിമാലി ഭാഗത്തു നിന്നും വനം ഉദ്യോഗസ്ഥരും ഫയർ ഫോഴ്സുമുൾപ്പെടെ 50 പേർ ശ്രമിച്ചാണ് തീ കെടുത്തിയത്. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായവും ലഭിച്ചു.

അരുൺ കെ. നായർ

റേഞ്ച് ഓഫീസർ

നേര്യമംഗലം