ഒരേസമയം 2000 പേർക്ക് ബലിയിടാം

സ്ത്രീകൾക്ക് പ്രത്യേകം കുളിക്കടവ്.

വാഹന പാർക്കിംഗ് സൗകര്യം

ആലുവ: ആലുവ മഹാശിവരാത്രി മഹോത്സവത്തിനും 97ാമത് സർവ്വമത സമ്മേളനത്തിനും ആലുവ അദ്വൈതാശ്രമത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പത്രസമ്മേളനത്തിൽ അറിയിച്ചു.

തർപ്പണം മൂന്നു ദിനം

ഫെബ്രുവരി 21ന് രാത്രി 9.30ന് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ 23ന് ഉച്ചവരെ നീളും. 23നും അമാവാസിയായതിനാലാണ് തർപ്പണ ചടങ്ങുകൾ മൂന്ന് ദിവസം നീളുന്നത്.

21ന് രാവിലെ ശാന്തിഹവനത്തോടെ ചടങ്ങുകൾ ആരംഭിക്കും. എട്ടിന് സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയർത്തും. പത്ത് മുതൽ ശിവഗിരി വിദ്യാനികേതൻ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, 1.30ന് കായംകുളം വിമലയുടെ 'ശ്രീനാരായണ ഗുരുദേവൻ' കഥാപ്രസംഗം. വൈകിട്ട് 4.30ന് 97 -ാമത് സർവ്വമത സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയാകും.

അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം എന്നിവർ സംസാരിക്കും. ഡോ. ഗീവർഗീസ് മാർ കുറിലോസ്, സി.എച്ച്. മുസ്തഫ മൗലവി, സ്വാമി മുക്താനന്ദ യതി, മഞ്ജുഷ ഇമ്മാനുവൽ മറിയം, പി. വേണുഗോപാൽ എന്നിവർ പ്രഭാഷണം നടത്തും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും സ്വാമി ശാരദാനന്ദ നന്ദിയും പറയും. തുടർന്ന് ഗുരുദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരം അരങ്ങേറും.

ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളികടവുകളുണ്ട്. ഒരേസമയം 2000 പേർക്ക് ബലിയിടാം. 150 ഓളം വളണ്ടിയർമാരുടെ സേവനം.

22ന് രാവിലെ സൗജന്യ കഞ്ഞിയുണ്ടാകും.

സ്വാമി ധർമ്മചൈതന്യ, സ്വാമി ഗുരുപ്രകാശം, നാരായണപ്രസാദ് തന്ത്രി, പി.കെ. ജയന്തൻ ശാന്തി, ഋഷിചൈതന്യ, മധു ശാന്തി, ആർ. ചന്ദ്രശേഖരൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് തർപ്പണ ചടങ്ങുകൾ നടക്കുന്നത്.

എം.വി. മനോഹരൻ, കെ.കെ. മോഹനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അദ്വൈതാശ്രമത്തിലേക്കുള്ള വാഹനങ്ങൾ തടയില്ല

ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനും മറ്റുമായി അദ്വൈതാശ്രമത്തിലേക്ക് വരുന്ന വാഹനങ്ങൾ തടയില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ബാങ്ക് കവലയിലും പമ്പ് കവലയിലും വാഹനങ്ങൾ തടയുന്നത് മൂലം ഭക്തർ ഏറെ പ്രയാസപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആശ്രമത്തിലേക്കുള്ള വാഹനം തടയില്ലെന്ന് ഡി.വൈ.എസ്.പി ജി. വേണു ഉറപ്പ് നൽകിയത്.

അദ്വൈതാശ്രമത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് ആശ്രമത്തിന് എതിർവശം ശിവഗിരി വിദ്യാനികേതൻ സ്‌കൂൾ മൈതാനിയിൽ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കാമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.